KOYILANDY DIARY

The Perfect News Portal

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഉപയോഗം കുറക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഉപയോഗം കുറക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി. അന്തരീക്ഷതാപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ  വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നാണ് കെഎസ്ഇബി നിർദേശം.

ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈകുന്നേരം 5നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക എന്നിവ വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച്  ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബി.