പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി സെപ്തംബറിൽ നാടിന് സമർപ്പിക്കും
പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി സെപ്തംബർ രണ്ടാംവാരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ടി പി. രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. 106 കോടി രൂപ ചെലവിലാണ് ആറ് മെഗാവാട്ട് ശേഷിയുള്ള പദ്ധതി തുടങ്ങിയത്.

പ്രതിദിനം 1.4 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് ഉൽപ്പാദനം ആരംഭിച്ചത്. ടി പി. രാമകൃഷ്ണൻ എംഎൽഎ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ എന്നിവർ വൈദ്യുതിനിലയം സന്ദർശിച്ചു. എൻജിനിയർ സലിം പ്രവർത്തനം വിവരിച്ചു.
