KOYILANDY DIARY

The Perfect News Portal

ഭാര്യ നൽകിയ ഗാർഹികപീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയെ വളർത്തുപട്ടിയെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: ഭാര്യ നൽകിയ ഗാർഹികപീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയെ വളർത്തുപട്ടിയെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ. മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് ആണ് അറസ്റ്റിലായത്. പരാതി അന്വേഷിക്കാനെത്തിയ വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസർമായ മായ. എസ്. പണിക്കർ, കൗൺസിലർ നാജിയ ഷിറിൻ എന്നിവർക്കാണ് പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായിപീഡിപ്പിക്കുന്നുവെന്ന് ഭാര്യ വനിതാസംരക്ഷണ ഓഫീസിൽ പരാതി നൽകിയിരുന്നു. പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസർമാർ വീട്ടിൽ എത്തിയത്. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു.
Advertisements
മായക്ക് പട്ടിയുടെ ആക്രമണത്തിൽ കാലിൽ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തു വീണ കൗൺസിലറെ പട്ടി കടിച്ച് പരിക്കേൽപ്പിച്ചു. ഇതിനിടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിൽ
കയറിയതു കൊണ്ടാണ് കൂടുതൽ കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് വനിതാസംരക്ഷണ ഓഫീസർ പറഞ്ഞു. ബഹളംകേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ചുവിടുകയായിരുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും ജോസ് ഇടപെട്ടില്ല.
ഇനി പൊലീസിനോട് കാര്യങ്ങൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞതോടെയാണ് ജോസ് പട്ടിയെ പിടിക്കാൻ തയ്യാറായത്. നാജിയ ഷിറിനും മായയും കല്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനു ശേഷം മേപ്പാടി എസ്.ഐ. വി.പി. സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വീട്ടിൽ സ്ഥിരംപ്രശ്നക്കാരനാണ് ജോസെന്നും പൊലീസ് പറഞ്ഞു.