KOYILANDY DIARY

The Perfect News Portal

സ്കൂട്ടർ മറിഞ്ഞ് നടുറോഡിലേക്കു വീണ യുവാവിനെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് ആദരവുമായി മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: സ്കൂട്ടർ മറിഞ്ഞ് നടുറോഡിലേക്കു വീണ യുവാവിനെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് ആദരവുമായി മോട്ടോർ വാഹനവകുപ്പ്. മാവൂർ-നായർകുഴി-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ആർമീസ് ബസിലെ ഡ്രൈവറും പൊറ്റശ്ശേരി സ്വദേശിയുമായ കെ.ടി. ചക്രവാണിയാണ് യുവാവിന് രക്ഷകനായി എത്തിയത്. പ്രശംസാപത്രം നൽകി മോട്ടോർവാഹനവകുപ്പിന്റെ ആദരം. നായർകുഴി സ്വദേശിയായ സംവൃതായിരുന്നു അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.

Advertisements

മുക്കം നഗരസഭയിലെ പുൽപ്പറമ്പ് നായർകുഴി റോഡിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ആണ് സ്കൂട്ടർ തെന്നിമറിഞ്ഞത്. അതിവേഗത്തിൽ സ്കൂട്ടർ ഓടിച്ച് അപകടം വരുത്തിവെച്ച സംവൃതിനെ അഞ്ചുദിവസത്തെ പരിശീലനത്തിനായി എടപ്പാളിലെ ഐ.ഡി.ടി.ആർ. സെന്ററിലേക്ക് വിടുകയും ചെയ്തു. കോഴിക്കോട്ട് നടന്ന പരിപാടിയിൽ എൻഫോഴ്സ്‌മെന്റ്‌ എം.വി.ഐ. പി.എസ്. ശ്രീശൻ, എ.എം.വി.ഐ. കെ. ജിതോഷ് എന്നിവർ സംബന്ധിച്ചു. ഈസ്റ്റ് നായർകുഴിയിൽ നാട്ടുകാരുടെ നേതൃത്വത്തിലും ചക്രവാണിയെ ആദരിച്ചിരുന്നു.