ശാസ്ത്രമേളക്കിടയിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി മാതൃകയായി
കൊയിലാണ്ടി: ശാസ്ത്രമേളക്കിടയിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിലെ മിൽമ ബൂത്തുടമയും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി. ഷാജുവാണ് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായത്. രണ്ടര പവൻ വരുന്ന സ്വർണ്ണാഭരണമാണ് വീണു കിട്ടിയത്.

മകളെയും കൊണ്ട് ജില്ലാ ശാസ്ത്രമേളക്ക് എത്തിയ വടകര പുറങ്കര മുട്ടുങ്ങവളപ്പിൽ പി.എം. ലിജിയുടെതായിരുന്നു സ്വർണ്ണ വള, രാവിലെ 11, 30 ഓടെയായിരുന്നു വള നഷ്ടമായത്, ശാസ്ത്രമേളക്കിടയിൽ സ്വർണ്ണാഭരണം നഷ്ടമായതിനെ തുടർന്ന് അനൗൺസ്മെൻറ് നടത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജുവിന് തൻ്റെ കടയുടെ മുൻ വശത്തു നിന്നും വള കിട്ടിയത്. വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കലിൻ്റെയും, പ്രധാന അദ്ധ്യാപിക അജിതയുടെ സാന്നിധ്യത്തിൽ വള ഉടമയായ ലിജിയെ തിരിച്ചെൽപ്പിച്ചു. ഉന്നത വിദ്യാഭ്യാസ അധികൃതരും സ്കൂൾ പി.ടി.എ.യും ഷാജുവിനെ അഭിനന്ദിച്ചു.
