KOYILANDY DIARY.COM

The Perfect News Portal

യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച്‌ അധികാരം പിടിക്കാനുള്ള കുബുദ്ധിക്കു പിന്നിൽ കോൺഗ്രസ്‌ നേതൃത്വം

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച്‌ അധികാരം പിടിക്കാനുള്ള കുബുദ്ധിക്കു പിന്നിൽ കോൺഗ്രസ്‌ നേതൃത്വം. മുതിർന്ന നേതാക്കളിൽ ചിലരുടെയും രണ്ട്‌ എംഎൽഎമാരുടെയും രണ്ട്‌ എംപിമാരുടെയും നേതൃത്വത്തിലാണ്‌ അട്ടിമറി അരങ്ങേറിയതെന്നാണ്‌ യൂത്ത്‌ കോൺഗ്രസിലെയും ചർച്ച. അട്ടിമറിയിലൂടെ സ്ഥാനത്തെത്തിയ പ്രസിഡന്റടക്കമുള്ളവർ രാജിവച്ച്‌ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവും യൂത്ത്‌ കോൺഗ്രസിൽ ഉയരുന്നുണ്ട്‌.

തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ കൂട്ടുനിന്ന നേതാക്കൾ ഇക്കാര്യത്തിൽ മറുപടി പറയണമെന്നുള്ള ആവശ്യമാണ്‌ പ്രധാനമായും ഉയരുന്നത്‌. കേസിൽ അന്വേഷണം നടക്കട്ടെയെന്ന മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം കോൺഗ്രസിനുള്ളിൽ പുകയുന്ന അമർഷത്തിന്റെ സൂചനയാണ്‌. വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ച്‌ അട്ടിമറിക്ക്‌ ശ്രമിച്ചതിലൂടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ യൂത്ത്‌ കോൺഗ്രസ്‌. എംഎൽഎമാരും എംപിമാരും മുൻ മന്ത്രിമാരുമടക്കമുള്ള നേതാക്കളാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സംഘത്തിനും പിന്തുണയുമായുണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ മെനഞ്ഞതും ഈ സംഘമാണ്‌. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിനെ കൈപ്പടിയിലാക്കാൻ നോക്കുന്ന മുതിർന്ന ഒരു നേതാവിന്റെ സംരക്ഷണയിലാണ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ ശ്രമിച്ചതെന്ന്‌ യൂത്ത്‌ കോൺഗ്രസുകാർ പറയുന്നു.

നിയുക്ത സംസ്ഥാന പ്രസിഡന്റ്‌ ചുമതലയേൽക്കരുത്‌ എന്ന ആവശ്യം ഉന്നയിച്ച്‌ എഐസിസിയെ സമീപിക്കുകയെന്നതാണ്‌ മറുവിഭാഗങ്ങൾക്കു മുന്നിലുള്ള വഴി. രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കമുള്ള നേതാക്കൾ ഈ നീക്കത്തിന്‌ പച്ചക്കൊടി വീശിയിട്ടുമുണ്ട്‌. യൂത്ത്‌ കോൺഗ്രസ്‌  മാതൃകയിൽ കോൺഗ്രസിലും സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ഒരു വിഭാഗം നേരത്തേ ആവശ്യമുന്നയിച്ചിരുന്നു.  കോൺഗ്രസ്‌ നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ ‘യൂത്ത്‌ കോൺഗ്രസ്‌ മാതൃക’ നടപ്പാക്കിയത്‌. അട്ടിമറി പുറത്തായതോടെ ഇത്തരത്തിൽ കോൺഗ്രസ്‌ നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കം പാളിയിരിക്കുകയാണ്‌.

Advertisements

അന്വേഷിക്കാൻ പ്രത്യേക സംഘം
യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ച കേസ്‌ അന്വേഷിക്കാൻ പൊലീസ്‌ പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി നിതിൻരാജിന്റെ മേൽനോട്ടത്തിലുള്ള എട്ടംഗ സംഘമാണ്‌ അന്വേഷിക്കുക. മ്യൂസിയം ഇൻസ്‌പെക്ടർ എച്ച്‌ മഞ്ജുലാലാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ്‌ അസി. കമീഷണർ സ്റ്റ്യുവർട്ട്‌ കീലർ, സൈബർ പൊലീസ്‌ എസ്‌ഐ ശ്യാം, മ്യൂസിയം സ്റ്റേഷനിലെ നാല്‌ സിവിൽ പൊലീസ്‌ ഓഫീസർമാർ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സഞ്ജീവ്‌ കൗൾ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എന്നിവർ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ്‌ വെള്ളിയാഴ്‌ച രാത്രി കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിനാണ്‌ കേസ്‌. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, ഐടി ആക്ടിലെ 66 സി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്‌. യൂത്ത്‌കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ സിആർ കാർഡ്‌ എന്ന മൊബൈൽ ആപ്പ്‌ വഴി വ്യാജമായി തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ചുവെന്നാണ്‌ പരാതി.

പ്രൊഫഷണൽ ഹാക്കർമാരെ ഉപയോഗിച്ചു: എ എ റഹിം
യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ പ്രൊഫഷണൽ ഹാക്കർമാരെ ഉപയോഗപ്പെടുത്തിയതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി. ഡൽഹിയിൽ അതീവ സുരക്ഷാസംവിധാനമുള്ള ധനകാര്യസ്ഥാപനത്തിന്റെ സിസ്റ്റം ഹാക്ക്‌ ചെയ്‌ത്‌ ലക്ഷങ്ങൾ കവർന്ന കേസ്‌ നിലവിലുണ്ട്‌.

ഈ സ്ഥാപനത്തിന്റെ സിസ്‌റ്റം ഹാക്ക്‌ ചെയ്‌ത മലപ്പുറം വളാഞ്ചേരി സ്വദേശിയുടെ സഹായം യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ സംവിധാനം ഹാക്ക്‌ ചെയ്യാൻ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പണം നൽകിയാണ്‌ ഹാക്കറുടെ സേവനം ഉപയോഗിച്ചത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാലക്കാട്ടെ ഒരു നേതാവ്‌, നിലവിലെ പാലക്കാട്‌ എംഎൽഎ, യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റ്‌ എന്നിവർ ഈ നീക്കത്തിൽ നേരിട്ട്‌ ഇടപെട്ടിട്ടുണ്ടെന്നും റഹിം പറഞ്ഞു.

സിസ്‌റ്റം ഹാക്ക്‌ ചെയ്‌ത്‌ വോട്ടുകൾ അനുകൂലമാക്കി മാറ്റുകയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച്‌ ബിസിനസ്‌ നടത്തുന്ന ഈ ഹാക്കർ മുൻ യൂത്ത്‌കോൺഗ്രസ്‌ നേതാവുകൂടിയാണ്‌. കോൺഗ്രസ്‌ നിയോഗിച്ച തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ഇടപെടൽ ഈ അട്ടിമറിയിൽ ഉണ്ടോ എന്ന്‌ പരിശോധിക്കണം. വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ചത്‌ രാജ്യദ്രോഹ നടപടിയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയാണോ ഇത്‌ നടപ്പാക്കിയത്‌ എന്ന്‌ അന്വേഷിക്കണം. എഐസിസി നേതൃത്വം നിലപാട്‌ വ്യക്തമാക്കണം. തെളിവുകൾ നശിപ്പിക്കപ്പെടുംമുമ്പ്‌ കേസിൽ അന്വേഷണം ആരംഭിക്കണമെന്നും എ എ റഹിം എംപി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ശ്യാം തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share news