KOYILANDY DIARY.COM

The Perfect News Portal

കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രമന്ത്രി കളളം പറയുന്നുവെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്.

ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകൾ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്”- എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

 

ബിജെപി സർക്കാർ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നും പരി​ഗണിച്ചില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബിജെപി മാറി. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണ്.

Advertisements

 

എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയതോടെ കേസിന് പിന്നിൽ ആരാണെന്നതിന് കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ.  എക്സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ലെനും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

Share news