KOYILANDY DIARY

The Perfect News Portal

ബിനീഷ്‌ കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബിനീഷ്‌ കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ (ഇഡി) ഹർജി തള്ളി സുപ്രീംകോടതി. ജാമ്യം ഒരുരീതിയിലും ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ സന്ദീപ്‌ മെഹ്‌ത എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. കർണാടക ഹൈക്കോടതി 2021 ഒക്ടോബറിലാണ്‌ ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം അനുവദിച്ചത്‌. 

ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡി 2022 ഏപ്രിലിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.  ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ്‌ ജാമ്യത്തിന്‌ എതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, മൂന്ന്‌ വർഷത്തോളമായി  ബിനീഷ്‌ ജാമ്യത്തിലാണെന്നും അദ്ദേഹം ഏതെങ്കിലും തരത്തിൽ ജാമ്യം ദുരുപയോഗം ചെയ്‌തുവെന്ന ആക്ഷേപമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ, ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. 

Advertisements

ബിനീഷിന്‌ എതിരായ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്‌ വേണ്ടി ഹാജരായ അഡ്വ. ജി പ്രകാശും അഡ്വ. എം എൽ ജിഷ്‌ണുവും സുപ്രീംകോടതിയെ അറിയിച്ചു. ആ ഹർജിയിൽ ബിനീഷിന്‌ എതിരായ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്‌. ഈ സ്‌റ്റേക്ക്‌ എതിരെ ഇഡി ഇതുവരെ അപ്പീൽ ഫയൽചെയ്‌തിട്ടില്ലെന്നും അഭിഭാഷകർ പറഞ്ഞു. ഈ വാദങ്ങൾ പരിഗണിച്ച്‌ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം തള്ളാൻ സുപ്രീംകോടതി തീരുമാനിച്ചു. ഇഡിക്ക്‌ വേണ്ടി അഡീഷണൽ സോളിസിറ്റർജനറൽ കെ എം നടരാജ്‌ ഹാജരായി

Advertisements