പശുക്കൾ ചത്ത സംഭവം; മരണകാരണം കപ്പത്തൊലിയിലെ സൈനേഡിന്റെ അംശം

മൂലമറ്റം: പശുക്കൾ ചത്തുപോകാനിടയായതിന് കാരണം കപ്പത്തൊലിയിലെ സൈനേഡിന്റെ അംശം തന്നെയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം ഉറപ്പായത്. പശുക്കളുടെ കോശ സാമ്പിളുകളിൽ സൈനേഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ലാബിലെ പരിശോധനയിൽ മറ്റ് അണുബാധകൾ ഒന്നുമില്ലെന്നും വ്യക്തമായി. വകുപ്പ് പിആർഒ ഡോ. നിശാന്ത് എം പ്രഭ പറഞ്ഞു.

മറ്റ് തീറ്റകൾ ഒന്നും പശുക്കളുടെ വയറിൽ ഇല്ലായിരുന്നു. കാലിയായ വയറിലേക്കാണ് അമിത അളവിൽ കപ്പത്തൊലി ചെന്നത്. പശുക്കൾ തിന്നശേഷം കപ്പത്തൊലി തൊഴുത്തിൽ ബാക്കി കിടക്കുകയായിരുന്നു. കട്ടുള്ള കപ്പയുടെ തൊലിയായിരുന്നു ഇത്. രക്ഷപെട്ട ഒമ്പത് പശുക്കൾക്ക് നൽകിയത് സൈനേഡിന്റെ ആന്റിഡോട്ടാണ്. ഡോ. നിശാന്ത് പറഞ്ഞു. സൈനേഡ് ചുവന്ന രക്താണുക്കളിൽ കലരുകയും ഇവ പിന്നീട് ഓക്സിജന് പകരം സൈനേഡ് വാഹകരാകും. ഇതുമൂലം ഹൃദയം, ശ്വാസകോശം, തലച്ചോർ തുടങ്ങി ആന്തരികാവയവങ്ങൾ ഓക്സിജൻ ലഭിക്കാതെ പ്രവർത്തനം നിലയ്‍ക്കും.

കപ്പത്തൊലിയിലെ ഹൈഡ്രോ സൈനിക് ആസിഡാണ് മരണകാരണമെന്ന് സംഭവ ദിവസം പോസ്റ്റ്മോർട്ടത്തിന് ശേഷം വകുപ്പ് കണ്ടെത്തിയിരുന്നു. കപ്പത്തൊലി ഭക്ഷിച്ച് 13 പശുക്കൾ ചത്തുപോകാനിടയായ സംഭവത്തിൽ വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിയുടെ വീട്ടിലെത്തി കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രം അധികൃതർ. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആർ മുത്തുരാജിന്റെ നേതൃത്വത്തിലെത്തിയ സംഘം പശുക്കൾക്ക് കൊടുത്ത കപ്പത്തൊലിയുടെ സാമ്പിൾ ശേഖരിച്ചു. നൽകിവന്നിരുന്ന മറ്റ് ഭക്ഷണങ്ങളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു.

മാത്യുവിന്റെ കുടുംബം കപ്പത്തൊലി എടുക്കുന്ന ഡ്രയർ യൂണിറ്റും സംഘം സന്ദർശിച്ചു. പലരിൽനിന്ന് കപ്പവാങ്ങി വാട്ടുകപ്പയാക്കി വിൽക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഏതൊക്കെ തരം കപ്പയാണ് വരുന്നതെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് ഡ്രയർ യൂണിറ്റ് ഉടമ പറഞ്ഞതായി ഡോ. ശശാങ്കൻ അറിയിച്ചു. ബയോ കെമിക്കൽ പരിശോധനയ്‍ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ഡോ. ശശാങ്കൻ പറഞ്ഞു. ടെക്നിക്കൽ സയന്റിസ്റ്റുമാരായ ഡി ടി റെജിൻ, കെ സുനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

