KOYILANDY DIARY.COM

The Perfect News Portal

വഞ്ചിയൂരിൽ യുവതിക്കുനേരെ വെടിവെച്ച സംഭവം; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ കൊല്ലം സ്വദേശിനി ഡോ. ദീപ്തിയാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ ദീപ്തി ഷിനിക്ക് നേര വെടിയുതിര്‍ക്കുകയായിരുന്നു.

തലയും മുഖവും മറച്ചാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. പ്രതി ദീപ്തിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്റെ നമ്പറാണ് ദീപ്തിയുടെ കാറില്‍ പതിപ്പിച്ചിരുന്നത്. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

 

എയര്‍ഗണ്ണിന് ജീവനെടുക്കാനാകുമോ? ഓണ്‍ലൈന്‍ സൈറ്റുകളില്‍ സുലഭം

അമേരിക്കയിലും മറ്റും സ്‌കൂളുകളിലും പൊതുയിടങ്ങളിലും വെടിവെയ്പ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ വീട്ടിനുള്ളില്‍ കയറി ഒരു സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുമ്പോള്‍ എയര്‍ ഗണ്‍ എന്ന ആയുധത്തെ കുറിച്ചാണ് ആളുകള്‍ കൂടുതലും തിരയുന്നത്. എയര്‍ഗണ്‍ അപകടകാരിയാണ്. ഒരു ജീവനെടുക്കാനുള്ള ശേഷി അതിനുണ്ട്.

Advertisements

 

ലൈസന്‍സ് ആവശ്യമില്ലാത്തതിനാല്‍ തന്നെ എയര്‍ഗണ്‍ ലഭിക്കാന്‍ വലിയ പ്രയാസമില്ല. വളരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്താല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. സമീപകാലത്ത് മാത്രം അത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് മൂന്നു പേര്‍ക്കാണെന്നത് ഗൗരവതരമാണ്. അതായത് എയര്‍ഗണ്‍ കൊണ്ടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദൂരെ നിന്ന് വെടിയുതിര്‍ത്താല്‍ കാര്യമായ അപകടങ്ങളുണ്ടാകില്ലെങ്കിലും എയര്‍ഗണ്ണിനെ അങ്ങനെ എഴുതി തള്ളാന്‍ കഴിയില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

250 മുതല്‍ 25,000 രൂപവരെയുള്ള എയര്‍ഗണ്ണുകള്‍ ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളില്‍ സുലഭം. അത് നേടിയെടുക്കാന്‍ ആവശ്യം ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ്. ലൈസന്‍സ് വേണ്ടാത്തതിനാല്‍ ആരുടെയൊക്കെ പക്കല്‍ ഇവ ഉണ്ടെന്നതിന് നമുക്കൊരു കണക്കെടുക്കാനും കഴിയില്ലെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇനി ഇതുമായി ബന്ധപ്പെട്ട് മറ്റൊരു തലവേദനയും നിലവിലുണ്ട്. ഫയര്‍ആംസ് ഗണത്തിലുള്ള ലൈസന്‍സ് ആവശ്യമായ തോക്കുകളും എയര്‍ഗണ്ണെന്ന പേരില്‍ വിറ്റുപോകുന്നുണ്ടോ എന്നതും അധികൃതര്‍ സംശയിക്കുന്നുണ്ട്.

വായു സമ്മര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന എയര്‍ഗണ്ണുകളില്‍ പെല്ലറ്റുകളാണ് ഉപയോഗിക്കുന്നത്. പെല്ലറ്റുകള്‍ തലയിലോ നെഞ്ചത്തോ പതിച്ചാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് എയര്‍ഗണ്‍ മനുഷ്യന്റെ ജീവനെടുത്ത സംഭവങ്ങള്‍ ഉണ്ടായത്. പക്ഷികളെയും മൃഗങ്ങളെയും തുരത്താന്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ ഇന്ന് മനുഷ്യന് തന്നെ വില്ലനായിരിക്കുന്നു.

Share news