KOYILANDY DIARY.COM

The Perfect News Portal

കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ നടത്തിയ ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാനദണ്ഡങ്ങൾ മറികടന്ന്‌ കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ നടത്തിയ ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡെപ്യൂട്ടി രജിസ്‌ട്രാറായി വി എസ്‌ പ്രദീപ്‌കുമാറിനെ നിയമിച്ചത്‌ സാധുവാണെന്ന സർവകലാശാലയുടെ ഉത്തരവാണ്‌ റദ്ദാക്കിയത്‌. ഉയർന്ന പ്രായപരിധിയിലെ ഇളവും വിദ്യാഭ്യാസ, -പ്രവൃത്തി പരിചയ യോഗ്യതകളും ശരിയായി പരിശോധിച്ചില്ലെന്ന്‌ വിലയിരുത്തിയാണ്‌ നടപടി. ആവശ്യമായ വിദ്യാഭ്യാസയോഗ്യതയുണ്ടോയെന്നും മാനദണ്ഡം മറികടന്നാണോ നിയമനമെന്നും വീണ്ടും പരിശോധിക്കണം.

മാനദണ്ഡം പാലിച്ചില്ലെന്ന്‌ കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കണമെന്നും സർവകലാശാലയോട്‌ നിർദേശിച്ചു. ഉയർന്ന പ്രായപരിധി ലംഘിച്ചും വിദ്യാഭ്യാസ, പ്രവൃത്തിപരിചയ യോഗ്യതകൾ ശരിയായി പരിശോധിക്കാതെയുമാണ് പ്രദീപിനെ നിയമിച്ചതെന്നാരോപിച്ച്‌ കോയമ്പത്തൂർ സ്വദേശിനി വി പ്രിയദർശിനി നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസിന്റെ ഉത്തരവ്‌. നിയമനത്തിനുള്ള യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ഉയർന്ന പ്രായപരിധി 50 വയസ്സുമായിരുന്നു.

 

നിയമന സമയത്ത്‌ പ്രദീപ്‌കുമാറിന്‌ 52 വയസ്സുണ്ടെന്നും വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദാനന്തര ബിരുദത്തിന്‌ 55 ശതമാനം മാർക്ക്‌ ഉണ്ടായിരുന്നില്ലെന്നും മതിയായ പ്രവൃത്തിപരിചയം അവകാശപ്പെടാനാകില്ലെന്നും ഹർജിക്കാരി വാദിച്ചു. നിയമനം പുനഃപരിശോധിക്കാനും ഉചിതമായ തീരുമാനമെടുക്കാനും സർവകലാശാലയ്‌ക്ക്‌ കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന്‌ നിയമനം പുനഃപരിശോധിക്കാൻ സർവകലാശാല സമിതി രൂപീകരിച്ചു. നിയമനം മാനദണ്ഡങ്ങൾ പാലിച്ചായിരുന്നുവെന്ന സമിതിയുടെ കണ്ടെത്തലിൽ പ്രദീപ്‌കുമാറിന്റെ നിയമനം ശരിവെച്ച് വൈസ് ചാൻസലർ ഉത്തരവിട്ടു.

Advertisements

 

ഇതിനെതിരെ ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പ്രദീപ്കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിച്ചതായി കാണുന്നില്ലെന്നും നിയമന നടപടിക്രമങ്ങളിൽ പ്രായപരിധി ഇളവ് നൽകിയതിന് കാരണം പറയുന്നില്ലെന്നും വിലയിരുത്തിയ കോടതി നിയമനം പുനഃപരിശോധിക്കാൻ വീണ്ടും സർവകലാശാലയോട്‌ നിർദേശിച്ചു. ഇതിലും  നിയമനം ശരിവച്ച്‌ സർവകലാശാല ഉത്തരവിട്ടു. ഇതിനെതിരെ ഹർജിക്കാരി വീണ്ടും  സമീപിച്ചപ്പോഴാണ്‌ നിയമനം സാധൂകരിച്ച ഉത്തരവ് സിംഗിൾ ബെഞ്ച്‌ റദ്ദാക്കിയത്‌.

Share news