KOYILANDY DIARY.COM

The Perfect News Portal

കഴിഞ്ഞ രണ്ടു വർഷത്തിൽ 223 ദിവസവും ഗവർണർ സംസ്ഥാനത്തിനു പുറത്ത്

തിരുവനന്തപുരം: ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതിൽ കൂടുതൽ തുകയും അതിഥി സൽക്കാരത്തിനും യാത്രാച്ചെലവിനും. കഴിഞ്ഞ രണ്ടു വർഷത്തിൽ 223 ദിവസവും ഗവർണർ സംസ്ഥാനത്തിനു പുറത്തായിരുന്നു. വിമാനയാത്രകളിൽ ഭൂരിഭാഗവും ന്യൂഡൽഹി, ഉത്തർപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും. ഈ വർഷം യാത്രാച്ചെലവിന്‌ 10 ലക്ഷമാണ്‌ വകയിരുത്തിയതെങ്കിലും ഇതിനകം 15 ലക്ഷം നൽകി. ഈ സാഹചര്യത്തിലാണ്‌ അതിഥികൾക്കുള്ള ചെലവിൽ 20 ഇരട്ടിയും വിനോദ ചെലവിൽ 36 ഇരട്ടിയും ആവശ്യപ്പെട്ട്‌  സർക്കാരിനു കത്തു നൽകിയത്‌.

കഴിഞ്ഞ പുതുവത്സരാഘോഷത്തിന് അമ്പത്‌ പേരാണ്‌ ഗവർണറുടെ അതിഥികളായി കോവളത്തെത്തിയത്‌. അന്ന്‌ സർക്കാർ ഗസ്റ്റ് ഹൗസ് മുഴുവൻ ഇവർക്കായി മാറ്റി. അതിഥികൾ വരുമ്പോൾ സർക്കാരിനോട്‌ കൂടുതൽ വാഹനവും ആവശ്യപ്പെടാറുണ്ട്‌. അതിഥികൾക്കായി ടൂറിസം വകുപ്പിന്റെ കൂടുതൽ വാഹനം ആവശ്യപ്പെട്ട്‌  2021 സെപ്തംബറിൽ സർക്കാരിന്‌ കത്തും നൽകിയിരുന്നു. ഇന്നോവയടക്കം മൂന്ന് വാഹനം, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നായിരുന്നു ആവശ്യം.

ഒക്ടോബർ 10 മുതൽ മാർച്ച് വരെ കൂടുതൽ അതിഥികൾ എത്തുമെന്നും കൂടുതൽ വാഹനം വേണമെന്നും വീണ്ടും ആവശ്യപ്പെട്ടു. ഔദ്യോഗിക വാഹനവും സുരക്ഷാ, അകമ്പടി വാഹനങ്ങളുമടക്കം നിരവധിയെണ്ണം രാജ്ഭവനിൽ ഉണ്ടായിരിക്കെയാണിത്‌. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന്‌ വാർത്തവന്ന കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള ആറു മാസത്തിൽ പകുതി ദിവസവും കേരളത്തിനു പുറത്തായിരുന്നു. വിമാനയാത്രയ്‌ക്കായി അനുവദിച്ച 1.18 കോടിരൂപ പോരെന്നും അധികമായി 75 ലക്ഷം ഉടൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടും മുമ്പ്‌ സർക്കാരിന്‌ കത്തു നൽകിയിരുന്നു. ഗവർണറുടെ വസതിയിലും ഓഫീസിലുമായി 150ൽ അധികം ജീവനക്കാരാണുള്ളത്‌. 25000 രൂപ മുതൽ ഒന്നര ലക്ഷത്തിനു മുകളിൽ വരെ ശമ്പളം പറ്റുന്നവർ ഇക്കൂട്ടത്തിലുണ്ട്‌.

Advertisements
Share news