ശ്രീശാന്തിനെതിരായ വഞ്ചനക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി
കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയാണ് ഒത്തുതീർപ്പാക്കിയത്. ശ്രീശാന്തിനും കർണാടക ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കടേഷ് കിനി എന്നിവർക്കുമെതിരെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

കർണാടക സ്വദേശി രാജീവ് കുമാറിന്റെ കൊല്ലൂരിലുള്ള സ്ഥലത്ത് വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ഇയാളും വെങ്കിടേഷ് കിനിയും ചേർന്ന് 2019ൽ പരാതിക്കാരനിൽനിന്ന് 18,70, 000 രൂപ വാങ്ങിയിരുന്നു. വില്ല നിർമ്മിച്ച് നൽകാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഇതേ സ്ഥലത്ത് ശ്രീശാന്ത് സ്പോർട്സ് അക്കാദമി തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രതികൾ പറഞ്ഞുവത്രെ.

പിന്നീട് സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്ന് ശ്രീശാന്ത് വാഗ്ദാനം നൽകിയതായി സരീഗ് ബാലഗോപാലന്റെ പരാതിയിൽ പറയുന്നു. നാല് വർഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതോടെയാണ് സരീഗ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് പരാതിക്കാരനിൽനിന്നും വാങ്ങിയ 18,70, 000 രൂപ തിരികെ നൽകി ശ്രീശാന്തും മറ്റ് രണ്ടുപേരും ചേർന്ന് കേസ് ഒതുക്കിത്തീർത്തത്.

