KOYILANDY DIARY.COM

The Perfect News Portal

വീടും പരിസരവും കൊതുകുകൾ പെരുകുന്നത് കാണിച്ച് വീട്ടുടമസ്ഥന് 2000 രൂപ പിഴയിട്ട് കോടതി

തൃശൂർ: വീടും പരിസരവും കൊതുകുകൾ പെരുകുന്നത് കാണിച്ച് വീട്ടുടമസ്ഥന് 2000 രൂപ പിഴയിട്ട് കോടതി. ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയാണ് പിഴയടക്കേണ്ടത്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്പര്‍വൈസര്‍ കെ ബി ജോബി ഫയല്‍ ചെയ്ത കേസിൽ ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേരള പബ്ലിക് ഹെൽത്ത് ആക്‌ട് സെക്ഷൻ 53 (1) പ്രകാരം കേസ് ഫയൽ ചെയ്യുകയും ജൂൺ 26 ന് വിഷയം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ 10 ന് വാദം കേട്ടതിനു ശേഷം 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഭേദഗതി ചെയ്ത കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പിലാക്കുന്നതിന് മുമ്പ് ബ്ലോക്ക് മെഡിക്കൽ ഓഫീസർക്ക് മാത്രമേ അത്തരം നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടായിരുന്നുള്ളു.

 

ഭേദഗതി ചെയ്ത നിയമമനുസരിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഒരു മഹസർ തയ്യാറാക്കാനും പരിശോധനയിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യാനും അധികാരമുണ്ട്. അത് പിന്നീട് കോടതിയിൽ അയക്കാം. കോടതിക്ക് 10,000 രൂപ വരെ പിഴ ചുമത്താം. ചട്ടങ്ങൾ നിലവിൽ വരാത്തതിനാൽ കോടതി മുഖേന മാത്രമേ പിഴ അടയ്‌ക്കാനാവൂ.

Advertisements

 

പ്രദേശത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആരോ​ഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ആരോ​ഗ്യ വകുപ്പിന്റെ നിർദേശം അവ​ഗണിച്ചതോടെയാണ് മൂരിയാട് സ്വദേശിക്കെതിരെ കേസെടുക്കേണ്ടി വന്നത്. കൂത്താടികള്‍ വളരാനുള്ള സാഹചര്യം നിലനിര്‍ത്തിയെന്നും ശുചീകരണത്തിന് തയ്യറായില്ലെന്നുമായിരുന്നു ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട്. കേരള പബ്ലിക് ഹെൽത്ത് ആക്‌ട് 2023 നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ ശിക്ഷയാണിതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Share news