KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ

പേരാമ്പ്ര: ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് നിർമാണം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ടി. പി. രാമകൃഷ്ണൻ എം. എൽ. എ. അറിയിച്ചത്.

ചിരുതക്കുന്ന് വെള്ളിയോടൻ കണ്ടി റോഡിന് കുറുകെ ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് മണ്ണെടുത്തു മാറ്റി ഉയരം കുറയ്ക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. കക്കാട് മുതൽ ചിരുതക്കുന്നിന് സമീപം വരെയും കല്ലോട് എൽ. ഐ. സി ക്ക് സമീപം മുതൽ തിരുവോത്ത്താഴെ വരെയും പാതയൊരുക്കി ടാറിങ്ങ് നടത്തിയിട്ടുണ്ട്. തിരുവോത്ത്താഴ പാടത്തിന് നടുവിലൂടെ പാത കടന്നുപോകുന്ന ഭാഗത്ത് അടിത്തറ കോൺക്രീറ്റ് ചെയ്ത് വശങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്.

ടാറിങ്ങ് നടന്ന ഇടങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുന്നു. സംസ്ഥാന പാതയിൽ കല്ലോട് എൽ. ഐ. സി. ഓഫീസിന് സമീപത്തുനിന്നു തുടങ്ങി കക്കാട് എത്തിച്ചേരുന്ന വിധമാണ് ബൈപ്പാസിൻ്റെ നിർമാണം.

Advertisements

പദ്ധതിക്ക് 59.44 കോടിയാണ് അനുവദിച്ചിരുന്നത് . 12 മീറ്റർ വീതിയിൽ 2.768 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് വരുന്നത്. ബി. എം. ബി. സി നിലവാരത്തിൽ ടാറിങ്ങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റർ വീതിവരും. കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമാണച്ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാർ.