KOYILANDY DIARY.COM

The Perfect News Portal

നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന്‌ തുറന്നു

ആലപ്പുഴ: നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന്‌ തുറന്നു. ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ അതിവേഗം സെമി എലിവേറ്റഡാകുന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക്‌ മുന്നിൽ ആരംഭിച്ച്‌ പാറശേരി പാലത്തിൽ സമാപിക്കുന്ന ഫ്ലൈഓവറിന്‌ 350 മീറ്റർ നീളമാണ്‌. 16 സ്‌പാനുകൾ. ആകെ അഞ്ചുഫ്ലൈ ഓവറുകളാണ്‌ നിർമിച്ചത്‌. മങ്കൊമ്പ്‌ ഒന്നാംകര,  ബ്ലോക്ക്‌, നസ്രത്ത്‌, പണ്ടാരക്കളം ഫ്ലൈഓവറുകളും പൂർത്തിയായി. പണ്ടാരക്കളം ഒഴികെ മറ്റ്‌ മൂന്നെണ്ണവും അടുത്തദിവസങ്ങളിൽ  തുറക്കും.
വലിയ വെള്ളക്കെട്ട്‌ അനുഭവപ്പെട്ട സ്ഥലങ്ങളിലാണ്‌ ഫ്ലൈ ഓവറുകൾ നിർമിച്ചത്‌. പുതുതായി നിർമിച്ച അഞ്ച്‌ ഫ്ലൈഓവർ കുട്ടനാടിന്റെ വ്യൂ പോയിന്റാകും. മങ്കൊമ്പ്‌ ബ്ലോക്കിനും ഒന്നാംകരയ്‌ക്കും ഇടയിലെ റോഡും കിടങ്ങറ ഒന്നാംപാലം, മാമ്പുഴക്കരി പാലം, പണ്ടാരക്കളം ഫ്ലൈ ഓവർ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്‌. 2020 ഒക്‌ടോബർ 12നാണ്‌ എസി റോഡ്‌ എലിവേറ്റഡ്‌ പാതയാക്കാനുള്ള നിർമാണം തുടങ്ങിയത്‌. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം ഏർപ്പെടുത്തിയാണ്‌ നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിക്കാണ്‌ നിർമാണച്ചുമതല.

 

Share news