KOYILANDY DIARY

The Perfect News Portal

വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കിയത് ലൈഫ് പദ്ധതിയെ കൂടുതൽ ജനകീയമാക്കി; മന്ത്രി എം ബി രാജേഷ്‌

പാലക്കാട്‌: ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കിയത് ലൈഫ് പദ്ധതി കൂടുതൽ ജനകീയമാക്കിയെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പെയിന്റ്‌, സിമന്റ്‌, ഇലക്‌ട്രിക്കൽ, വയറിങ്‌, സാനിട്ടറി സാധനങ്ങൾ, വാട്ടർ ടാങ്ക് തുടങ്ങിയവ വിലക്കുറവിൽ ലഭിക്കാൻ നടപടികൾ സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 90 തൊഴിൽ ദിനങ്ങളുടെ ആനുകൂല്യവും ലഭ്യമാക്കി. സർക്കാർ ഏജൻസിയായ അനെർട്ടിന്റെ ‘ഹരിത ഊർജ വരുമാന പദ്ധതി’യിലും ലൈഫ് ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗരോർജ പ്ലാന്റ്‌ സ്ഥാപിക്കുന്ന വീടുകൾക്ക് ഇൻഡക്ഷൻ സ്റ്റൗ കൊടുക്കുന്നുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീടുകൾക്ക്‌ ഇൻഷുറൻസ്‌ 
പരിരക്ഷയും 
പൂർത്തീകരിച്ച വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. ജീവനോപാധി ഉറപ്പാക്കുന്നതിന് കുടുംബശ്രീ പ്രത്യേക ഇടപെടൽ നടത്തുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് മുതലായ ജീവനോപാധികളും ഉറപ്പാക്കി. കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് അഞ്ച് ലക്ഷം ലൈഫ് കുടുംബങ്ങളിലെ 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിൽ സജ്ജരാക്കി പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി തൊഴിൽ മേളകൾ തുടർന്നും സംഘടിപ്പിക്കുമെന്നും മന്ത്രി  പറഞ്ഞു.