KOYILANDY DIARY

The Perfect News Portal

സിഎച്ച്‌ മേൽപ്പാലം രണ്ടുമാസത്തേക്ക്‌ അടച്ചു

കോഴിക്കോട്‌: നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം മുൻ തീരുമാനപ്രകാരം രണ്ടുമാസത്തേക്ക്‌ അടച്ചു. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. ചൊവ്വ പകൽ പതിനൊന്നോടെയാണ്‌ ട്രാഫിക്‌ അസി. കമീഷണർ എ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം പാലം അടച്ചത്‌. പാലത്തിന്റെ ഇരുഭാഗത്തും ഇരുമ്പ്‌ പൈപ്പുകൾ സ്ഥാപിച്ചു. ദിശമാറ്റം സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചു.
കാൽനടയാത്രക്കും വിലക്കുണ്ട്‌. ബീച്ച്‌ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഫ്രാൻസിസ്‌ റോഡ്‌ വഴിയും ഗാന്ധിറോഡ്‌ വഴിയും പോകണമെന്ന്‌ ട്രാഫിക്‌ നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. രണ്ടാം ഗേറ്റിലും പാളയം ജങ്‌ഷനിലും ഗതാഗതക്കുരുക്ക്‌ രൂക്ഷമായി.  നഗരത്തിൽ പ്രവേശിച്ചശേഷം ബീച്ച്‌ ഭാഗത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതാണ്‌ ഗതാഗതക്കുരുക്കിന്‌ പ്രധാന കാരണം.
സ്‌കൂൾ സമയങ്ങളിൽ ഭട്ട്‌റോഡ്‌, ഗാന്ധിറോഡ്‌ ബസ്സുകൾ ഗാന്ധിറോഡ്‌ വഴി മുഹമ്മദ്‌ റാഫി റോഡിലൂടെ മൂന്നാലിങ്ങലിൽ പ്രവേശിക്കും. 14 പോയിന്റുകളിൽ ട്രാഫിക്‌ ഡ്യൂട്ടിക്ക്‌ പ്രത്യേക ആളുകളെ ചുമതലപ്പെടുത്തിയാണ്‌ ഗതാഗതനിയന്ത്രണം. വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക്‌ പൂർണമായും പരിഹരിക്കാനാകുമെന്ന്‌ അസി. കമീഷണർ എ ജെ ജോൺസൺ പറഞ്ഞു.