KOYILANDY DIARY.COM

The Perfect News Portal

നഷ്ടത്തിലായ സ്വകാര്യ വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന്‌ കേന്ദ്രസർക്കാർ

കൊച്ചി: നഷ്ടത്തിലായ സ്വകാര്യ വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന്‌ കേന്ദ്രസർക്കാർ. കാര്യക്ഷമതയില്ലാത്തവ ഉൾപ്പെടെ പല കാരണങ്ങളാൽ നഷ്ടത്തിലായതും പ്രവർത്തനം നിലച്ചതുമായ സ്വകാര്യനിലയങ്ങളെയാണ്‌ ഏറ്റെടുക്കണമെന്ന്‌ കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചത്‌.

കേന്ദ്ര അവഗണനമൂലം വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴാണ്‌ കോർപറേറ്റുകളെ വഴിവിട്ട്‌ സഹായിക്കുന്നതും അഴിമതിക്ക്‌ കളമൊരുക്കുന്നതുമായ നീക്കം. ഏറ്റെടുക്കേണ്ട സ്വകാര്യനിലയങ്ങളുടെ പട്ടികസഹിതമാണ്‌ കേന്ദ്രനിർദേശം. ആദ്യഘട്ടമെന്നനിലയിൽ ആകെ 6550 മെഗാവാട്ട്‌ ശേഷിയുള്ള നാല്‌ നിലയങ്ങളുടെ പട്ടിക കൈമാറി. ഇതിൽ ഇതുവരെ പ്രവർത്തനം ആരംഭിക്കാത്ത നിലയങ്ങളുമുണ്ട്‌. 

മതിയായ പ്രവർത്തന മൂലധനത്തിൻറെ അഭാവം, കൽക്കരി പ്രതിസന്ധി ഉൾപ്പെടെ വിവിധതരം പ്രശ്‌നങ്ങളാണ്‌ നിലയങ്ങൾ അഭിമുഖീകരിക്കുന്നത്‌. ഇവ പൊതുമേഖലയിലുള്ള ഉൽപ്പാദന നിലയങ്ങൾ ഏറ്റെടുക്കുന്നതോടെ പ്രശ്‌നം പരിഹരിച്ച്‌ പുനരുജ്ജീവിപ്പിക്കാമെന്ന്‌ കേന്ദ്രം പറയുന്നു. ഏറ്റെടുക്കുന്ന നിലയങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ആവശ്യകത നിർവഹിക്കാൻ സഹായമാകുമെന്നുമാണ്‌ കേന്ദ്രത്തിൻറെ വാദം. സ്വകാര്യനിലയങ്ങളുടെ ഓഹരിയാണ്‌ പൊതുമേഖലാ നിലയങ്ങൾ ഏറ്റെടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ തിരിച്ചടിയാണ്‌ കേന്ദ്രനീക്കം. നഷ്ടത്തിലായ സ്വകാര്യനിലയങ്ങൾക്ക്‌ ഇത്‌ ലാഭമാകും.

Advertisements

 

 പുനരുജ്ജീവിപ്പിക്കാനും വായ്‌പയടക്കം തിരിച്ചടയ്‌ക്കാനും പൊതുമേഖലാനിലയങ്ങൾ പണം ഇറക്കേണ്ടിവരുന്നത്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സ്വകാര്യനിലയങ്ങളുടെ ഉടമസ്ഥർക്ക്‌ നഷ്ടമുണ്ടാകില്ല. വൈദ്യുതപദ്ധതികളുടെ 80 ശതമാനവും ബാങ്ക്‌ വായ്‌പയാണ്‌. പൊതുമേഖലാ ബാങ്കുകളിൽനിന്നാണ്‌ ഭൂരിഭാഗം വായ്‌പയും. ഇതാണ്‌ സ്വകാര്യനിലയങ്ങളുടെ പ്രധാന മൂലധനം. പ്രതീക്ഷിച്ച ലാഭം കിട്ടാതാകുമ്പോൾ നിക്ഷേപം പിൻവലിച്ച്‌ അടുത്ത മേഖലയിലേക്ക്‌ കളംമാറുന്ന സ്വകാര്യമേഖലയ്ക്ക്‌ ഒത്താശ ചെയ്യുകയാണ്‌ കേന്ദ്രം.

Share news