KOYILANDY DIARY

The Perfect News Portal

വന്യമൃഗശല്യത്തിന്‌ പരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്യണം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: വന്യമൃഗശല്യത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ പുറപ്പെടുവിക്കുകയോ നിയമഭേദഗതി കൊണ്ടുവരികയോ വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അടിയന്തരമായി ഇതിന്‌ തയ്യാറാകണം. അതിരൂക്ഷമായ പ്രതിസന്ധിയാണ്‌ മലയോര ജനത നേരിടുന്നത്. 18 യുഡിഎഫ്‌ എംപിമാർ ഉണ്ടായിട്ടും പാർലമെന്റിൽ ശക്തമായി ഈ ആവശ്യമുന്നയിക്കാനായില്ല. എൽഡിഎഫ്‌ എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. സംസ്ഥാന സർക്കാർ വന്യമൃഗശല്യം തടയാനുള്ള പദ്ധതി തയ്യാറാക്കി നൽകി. കിഫ്‌ബി വഴി 118 കോടി രൂപയും സർക്കാർ അനുവദിച്ചു.

കോൺഗ്രസ്‌ സർക്കാരാണ്‌ ഈ നിയമം കൊണ്ടുവന്നത്‌, ബിജെപി അത്‌ തുടരുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌, ബിജെപി സർക്കാരിനെതിരെ പ്രതികരിക്കാനല്ല യുഡിഎഫ്‌ തയ്യാറാകുന്നത്‌. മൃതദേഹം ഉപയോഗിച്ചുകൊണ്ട്‌ രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ട്‌ അക്രമസമരത്തിലേക്കും തിരിയുന്നു. അഭിമന്യു കേസ്‌ ഫയൽ കാണാനില്ലെന്ന സംഭവം അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. കുറ്റവിചാരണ നടക്കാനിരിക്കെയാണ്‌ ഫയൽ കാണാതായത്‌. 2022 ൽ തന്നെ ഫയൽ കാണാതായെന്ന്‌ പറയുന്നു. 2018 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഒന്നാം പ്രതിയെ പിടികൂടിയത്‌ വൈകിയാണ്‌. വിചാരണ തുടങ്ങാൻ താമസിച്ചത്‌ അതുകൊണ്ടാണ്‌.

 

പൂക്കോട്‌ വെറ്ററിനറി കേളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട്‌ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന നിലപാടാണ്‌ ആദ്യമേ സിപിഐ എം എടുത്തത്‌. ബാക്കിയുള്ള പ്രതിയേയും പിടിക്കണം. വിവിധ സംഘടനയിലുള്ളവരും എസ്‌എഫ്‌ഐയും ഇതിലുൾപ്പെട്ടിട്ടുണ്ട്‌. ആവശ്യമായ നിലപാടും നടപടിയും അതുമായി ബന്ധപ്പെട്ട്‌ സ്വീകരിച്ചിട്ടുമുണ്ട്‌. സിദ്ധാർഥന്റെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്‌ പ്രകാരം അന്വേഷണം സംബന്ധിച്ച്‌ സർക്കാരിന്‌ തീരുമാനിക്കാം. തങ്ങൾക്ക്‌ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

 

എസ്‌ രാജേന്ദ്രൻ 
ബിജെപിയിൽ 
പോകില്ല
എസ്‌ രാജേന്ദ്രൻ ബിജെപിയിൽ പോകുമെന്നുള്ള പ്രചാരണം ശരിയല്ലെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിനെതിരെ പാർടി നടപടിയെടുത്തിരിക്കുകയായിരുന്നു. കാലാവധി അവസാനിക്കുന്ന മുറയ്ക്ക്‌  അദ്ദേഹത്തെ സഹകരിപ്പിച്ച്‌ മുന്നോട്ടുപോകും. ഒഴിവാക്കി നിർത്താനല്ല തീരുമാനിച്ചത്‌. തന്നെ വന്നുകണ്ടത്‌ ശരിയാണ്‌. സുപ്രധാന മേഖലകളിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെയെല്ലാം ചേർത്തുനിർത്തുകയാണ്‌ പാർടിയെന്നും അദ്ദേഹം പറഞ്ഞു.