KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായുള്ള കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും എഡിഎസ്, സിഡിഎസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിന്റ്‌ പേഴ്സൺ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

സ്ത്രീ സുരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിന്‌ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ആഗോളതലത്തിൽ ശ്രദ്ധനേടിയ മികച്ച ഇടപെടലുകളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളിൽ ദീർഘദൂരം പിന്നിടാൻ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷതയായി. സംവിധായിക വിധു വിൻസെന്റ്‌, എഴുത്തുകാരി വിജയരാജ മല്ലിക, നടി ഷൈലജ പി അംബു, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഡോ. ടി കെ ആനന്ദി, ഗീത നസീർ, സ്മിത സുന്ദരേശൻ, രാഖി രവികുമാർ, കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു.

 

‘ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും’, വിഷയത്തിൽ സെമിനാർ, രംഗശ്രീ പ്രവർത്തകരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് നടത്തിയ കലാപ്രകടനം, ധീരം കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയവരുടെ കരാട്ടെ പ്രദർശനം തുടങ്ങിയവയും നടന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പുസ്‌തക പ്രദർശനം ‘രചന’ സമാപിച്ചു.

Advertisements