വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്; മന്ത്രി കെ രാജൻ

കൊച്ചി: വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിവിധ ഇടങ്ങളിൽ ക്രൈസ്‌തവ പുരോഹിതരടക്കമുള്ളവരെ ആക്രമിക്കുന്നു. മുനമ്പത്തും പ്രശ്നപരിഹാരത്തിനുപകരം രാഷ്ട്രീയമുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്.

വയനാട് ദുരന്തബാധിതരിൽ ഒരാളെയും കൈവിടില്ല. അവസാനത്തെയാളെയും സർക്കാർ പുനരധിവസിപ്പിക്കും. വലിയ ദുരന്തമായിട്ടും ദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്ന് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ തയ്യാറായില്ല. ദുരന്തസ്ഥലം സന്ദർശിച്ച് ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രിയും കേരളത്തോട് വിവേചനം കാണിച്ചു. കേരളത്തോട് കേന്ദ്രം ബോധപൂർവം രാഷ്ട്രീയമായ അവഗണന കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ എന്നിവർ സംസാരിച്ചു.

