KOYILANDY DIARY.COM

The Perfect News Portal

തൊടുപുഴയ്ക്കു സമീപം റോഡിലുണ്ടായ അപ്രതീക്ഷിത മലവെള്ളപാച്ചിലില്‍ കാര്‍ ഒലിച്ചുപോയി, കാര്‍ യാത്രികനായ വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ യാത്രികനായ മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെ മേഖലയില്‍ പെയ്ത അതിശക്ത മഴയാണ് പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ വൈദികന്‍ രാത്രി ഏഴരയോടെയാണ് അപകടത്തില്‍ പെടുന്നത്. വീട്ടില്‍ നിന്നും മടങ്ങിവരുന്നതിനിടെ റോഡിലുള്ള വെള്ളത്തിലെ കുത്തൊഴുക്ക് മനസ്സിലാക്കാതെ കാര്‍ വെള്ളത്തില്‍ ഇറക്കിയതാണ് അപകടത്തിന് ഇടയാക്കിയത്. തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍ കാര്‍ 200 മീറ്ററോളം ഒഴുകി നീങ്ങി. ഇതോടെ കാറിന്റെ മുന്‍പിലെ രണ്ട് ഡോറുകളും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായി.

 

ഈ സമയം കാറിനകത്തുണ്ടായിരുന്ന വൈദികന്‍ പ്രാണരക്ഷാര്‍ഥം കാറിന്റെ പുറകിലേക്ക് നീങ്ങി വാഹനത്തിന്റെ പുറകുവശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഈ സമയം പ്രദേശത്തേക്കെത്തിയ നാട്ടുകാര്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ട് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടിയ വൈദികനെ സാഹസികമായി കരയിലേക്കെത്തിക്കുകയും ചെയ്തു. മലവെള്ളപാച്ചിലിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ആളപായമോ വലിയ കൃഷിനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisements
Share news