KOYILANDY DIARY

The Perfect News Portal

ബിജെപിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയത്തിൽ ബിജെപിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കിക്കൊടുത്തുകളഞ്ഞുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌. കേരളത്തിൽ ആകെയുള്ള 50,35,946 (50.35 ലക്ഷം) സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പത്ത്‌ ശതമാനത്തോളം പേർക്ക് മാത്രമാണ്‌ കേന്ദ്ര സർക്കാരിന്റെ തുച്ഛമായ വിഹിതം പോലും കിട്ടുന്നതെന്നും (കേന്ദ്രത്തിന്റെ NSAP പദ്ധതിയിൽ നിന്ന്) മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കേരളം നല്‍കുന്ന പ്രതിമാസ പെൻഷനായ 1600 രൂപയിൽ ഈ ചെറിയ വിഭാഗത്തിന് തന്നെ കേന്ദ്ര വിഹിതം എത്രയാണെന്ന് കൂടി നോക്കാം. 80 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ഞൂറ് രൂപ, 80ൽ താഴെയുള്ളവര്‍ക്ക് 200 രൂപ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് 300 രൂപ, ഇതാണ് കേന്ദ്രവിഹിതം. അതും ആകെയുള്ളതിന്റെ പത്തിലൊന്ന് പേര്‍ക്ക് മാത്രമാണെന്നോർക്കണം.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാൻ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്. ഇതിൽ ഈ പത്ത്‌ ശതമാനം പേർക്കുള്ള കേന്ദ്രവിഹിതമായി ആകെ 30,80,28,000 രൂപയാണ്‌(30.8 കോടി) എൻഎസ്എപി മുഖേന ലഭിക്കേണ്ടത്‌. ബാക്കി 1473,12,50,600 രൂപയും (1473.12കോടി)  സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെൻഷൻകാര്‍ക്ക് ലഭ്യമാക്കുന്നത്. പെൻഷൻ വിതരണത്തിൽ സംസ്ഥാനസര്‍ക്കാര്‍ 97.95%വും നല്‍കുന്നു. കേന്ദ്രം കൊടുക്കേണ്ടത്‌ വെറും 2.04%മാത്രം, അതും ചില്ലറ ആളുകൾക്ക്‌. ഇത്രയേയുള്ളൂ കേന്ദ്ര വിഹിതം, അതും കൃത്യമായി കൊടുക്കുന്നില്ല. അതായത് കേരളത്തിൽ 1600 രൂപ പെൻഷൻ കിട്ടുന്ന 50 ലക്ഷത്തിലധികം പേരിൽ വെറും പത്തിൽ ഒന്നിന് കേന്ദ്രം കൊടുക്കുന്ന ചില്ലിക്കാശാണിത്. കേന്ദ്രസർക്കാരാണ് പെൻഷൻ തരുന്നതെന്ന് ലവലേശം ലജ്ജയില്ലാതെ പ്രചരിപ്പിക്കുന്നവർക്കല്ല, അത് വിശ്വസിച്ചു പോകുന്ന ശുദ്ധാത്മാക്കൾ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കായി ഈ കണക്ക് സമർപ്പിക്കുന്നു.

Advertisements

സാമൂഹ്യ സുരക്ഷാ പെൻഷൻ 3200രൂപ പൂര്‍ണമായി ലഭിച്ചിട്ടില്ല എന്ന ആശങ്ക ചിലര്‍ പങ്കുവെക്കുന്നുണ്ട്. കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളായ ഈ പത്ത്‌ ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഇവര്‍ക്ക് രണ്ട് അക്കൗണ്ടുകളിലായിട്ടാണ് 3200 രൂപ ലഭിക്കേണ്ടത്‌. ചില്ലറ പൈസ ആണെങ്കിലും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്‌ ഇവർക്കുള്ള കേന്ദ്രവിഹിതം. ഇത്രകാലം സംസ്ഥാന സർക്കാർ ഈ കുറവ്‌ അറിയിക്കാതെ പൂർണ്ണമായി പണം നൽകിയിട്ടുണ്ട്‌. ഇനി കേന്ദ്രസര്‍ക്കാര്‍ വിഹിതം, ആധാറിൽ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് മുഖേനയാണ് വരുന്നത്, കേന്ദ്രം നേരിട്ടെത്തിക്കുമെന്നാണ്‌‌ വാദം. നിലവിൽ തന്നെ പ്രതിസന്ധിയിലായ ഈ വിഹിതത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഗ്യാസ്‌ സബ്‌സിഡിയുടെ സ്ഥിതി ആകാതിരുന്നാൽ ഭാഗ്യം. ഒരു കാര്യം ഉറപ്പ്‌, കേരളത്തിന്റെ പെൻഷൻ കൃത്യമായി കിട്ടുമെന്ന് ഉറപ്പാണ്‌.

ഈ പത്ത്‌ ശതമാനത്തിനും കേന്ദ്രത്തിന്റെ തുച്ഛമായ തുക കഴിഞ്ഞ്‌, ബാക്കിയുള്ള പണം സേവന സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്‌. കേരളത്തിലെ ആകെ പെൻഷൻകാരിൽ ഈ പത്ത്‌ ശതമാനമൊഴികെ ബാക്കി മുഴുവനാളുകള്‍ക്കും, 3200 രൂപ ഒന്നിച്ച് ഒറ്റ അക്കൗണ്ടിൽ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുമുണ്ട്‌. എല്ലാവർക്കും പെൻഷൻ കൊടുക്കുന്നത് കേന്ദ്രമാണെന്ന് ഇതുവരെ നാണമില്ലാതെ തള്ളിക്കൊണ്ടിരുന്ന ബിജെപിക്കാർ കള്ളി വെളിച്ചത്തായതോടെ ഇനിയെങ്കിലും അത് നിർത്തേണ്ടതാണ്, ലജ്ജ തൊട്ടുതീണ്ടിയില്ലാത്തവരായത് കൊണ്ട് നിർത്തുകയില്ലെന്നും മന്ത്രി പറഞ്ഞു.