ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, പിഴയും വിധിച്ചു
        കൊയിലാണ്ടി: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്, എളേങ്ങൾ വീട്ടിൽ മുഹമ്മദിനെ (49) യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.  

2021ൽ ആണ് കേസിനാസ്പദമായ സംഭവം, ബാലിക വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കവെ വീട്ടിലേക്കു കയറിവന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, ഉടനെ തന്നെ കുട്ടി അച്ഛമ്മയോട് കാര്യം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വീട്ടുകാർ ബാലുശ്ശേരി പോലീസിൽ പരാതി കൊടുക്കുകയും, സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.  പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.


                        
