KOYILANDY DIARY

The Perfect News Portal

കെ.എ.കേരളീയന്റെ 29-ാം അനുസ്മരണം നടത്തി

കെ.എ.കേരളീയന്റെ 29-ാം അനുസ്മരണം നടത്തി. കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന കെ.എ.കേരളീയന്റെ 29-ാം അനുസ്മരണം മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകൾ സർക്കാറുകളായി മാറുന്ന അവസ്ഥയാണ് ഇന്ത്യയിലെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. ടി.കെ.വിജയരാഘവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

‘ഫാസിസവും കോർപറേറ്റുകളും ഒന്നു ചേർന്നാണ് ഭരണം. പഴയ ജന്മിത്വ വ്യവസ്ഥ രൂപം മാറി കോർപറേറ്റ് ജന്മിത്വമായി. ഇന്ത്യയിലെ കാർഷിക മേഖല ഉൾപ്പടെ ഇവരുടെ ആധിപത്യത്തിലാണ്. കർഷകർ ഏറെ ചൂഷണത്തിനു വിധേയമാകുന്നു. അത്യാധുനിക യന്ത്രങ്ങളും ആധുനിക മാർക്കറ്റുകളും ചൂഷണത്തിന് ഉപയോഗപ്പെടുത്തുന്നു. തൊഴിലാളികളെയും കർഷകരേയും സാമൂഹിക രാഷ്ട്രിയ മാറ്റത്തിന് ഫലപ്രദമായി ഉപയോഗിച്ച നേതാവായിരുന്നു കെ.എ. കേരളീയൻ’- വി.എസ്.സുനിൽ കുമാർ പറഞ്ഞു.

‘കാർഷിക മേഖലയിലെ പുത്തൻ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. ചടങ്ങിൽ എൻ.സി. മമ്മൂട്ടി മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് പയ്യോളി തിക്കോടിയൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് ടി.വി. ബാലൻ സമർപ്പിച്ചു. മുൻ എം.എൽ.എ പി.വിശ്വൻ, നാളികേര വികസന കോർപറേഷൻ ചെയർമാൻ ടി.കെ.രാജൻ, എ. പ്രദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് ഉയിർത്തുടി കൊയിലാണ്ടി നാടൻ പാട്ട് അവതരിപ്പിച്ചു. ഇ.കെ.അജിത് സ്വാഗതവും എൻ.ശ്രീധരൻ നന്ദിയും പറഞ്ഞു.

Advertisements