KOYILANDY DIARY

The Perfect News Portal

തലശേരി – മാഹി ബൈപ്പാസ്‌ നാടിന്‌ സമർപ്പിച്ചു

തലശേരി: തലശേരി – മാഹി ബൈപ്പാസ്‌ നാടിന്‌ സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരത്ത്‌ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പുതുച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരി, വി കെ സിങ്, പുതുച്ചേരി പൊതുമരാമത്തുമന്ത്രി കെ ലക്ഷ്‌മിനാരായണൻ എന്നിവരും  ഓൺലൈനായി പങ്കെടുത്തു.

തലശേരി ചോനാടത്ത്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, സ്‌പീക്കർ എ എൻ ഷംസീർ എന്നിവരും ഉദ്‌ഘാടനത്തിന്റെ ഭാഗമായി. കെഎസ്‌ആർടിസി ഡബിൾ ഡെക്കർ ബസിൽ മന്ത്രിയും സ്‌പീക്കറും എൻഎച്ച്‌എഐ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കമുള്ളവർ ബൈപ്പാസിലൂടെ യാത്രചെയ്‌തു. കൊളശേരിക്കടുത്ത്‌ ടോൾ പ്ലാസ രാവിലെ എട്ടിന്‌ എൻഎച്ച്‌എഐ പ്രോജക്‌ട്‌ ഡയറക്‌ടർ അശുതോഷ്‌ സിൻഹ ഉദ്‌ഘാടനംചെയ്‌തു. രാവിലെമുതൽ ടോൾ നിരക്ക്‌ പ്രാബല്യത്തിൽവന്നു.

ചരിത്രം വഴിമാറും, ചിലർ വരുമ്പോഴെന്ന്‌ പറയുന്നത്‌ വെറുതെയല്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്‌ തലശേരി–-മാഹി ബൈപ്പാസിന്റെ ചുവപ്പുനാട അഴിഞ്ഞത്‌. ദേശീയപാത 66ൽ മുഴപ്പിലങ്ങാടുനിന്ന്‌ തുടങ്ങി അഴിയൂരിൽ അവസാനിക്കുന്ന ബൈപ്പാസ്‌ നാടിന്‌ സമർപ്പിക്കുമ്പോൾ വടക്കൻ കേരളം നന്ദി പറയുന്നത്‌ എൽഡിഎഫ്‌ സർക്കാരിനോടാണ്‌. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നിരന്തര ഇടപെടലിന്റെ ഫലമാണ്‌ ബൈപ്പാസ്‌.

Advertisements

 

തലശേരി, മാഹി ടൗണുകളിൽ റോഡ്‌ വികസനം അസാധ്യമായ സാഹചര്യത്തിൽ 1973ലാണ്‌  ബൈപ്പാസിനുള്ള നിർദേശം ആദ്യം ഉയർന്നത്‌. 1977ൽ സ്ഥലം കണ്ടെത്തി. എൺപതുകളിൽ സ്ഥലമേറ്റെടുക്കലിലേക്ക്‌ കടന്നു. ബൈപ്പാസ്‌ അലൈൻമെന്റിന്‌ 1984ലാണ്‌ അംഗീകാരം ലഭിച്ചത്‌. സ്ഥലമെടുപ്പ്‌ പൂർത്തിയാക്കാൻ 34 വർഷം വേണ്ടിവന്നു. മുടങ്ങിയ പദ്ധതിക്ക്‌ ജീവൻ വച്ചത്‌ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌. നീണ്ട  51 വർഷത്തിനുശേഷം നാടിന്റെ സ്വപ്‌നം സഫലമാകുകയാണ്‌.

 

കാസർകോട്‌-തിരുവനന്തപുരം ദേശീയപാത 45 മീറ്റർ വീതിയിൽ ആറുവരിയാക്കാനുള്ള പദ്ധതി ഭൂമിയേറ്റെടുക്കലിൽതട്ടി പാതിവഴിയിൽനിന്നതാണ്‌. 2013ൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ (എൻഎച്ച്‌എഐ) ഓഫീസ്‌ പൂട്ടി സ്ഥലംവിട്ടു. 2016 എൽഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെയും വകുപ്പ്‌ മന്ത്രിയെയും കണ്ട്‌ ചർച്ചനടത്തിയതോടെ പദ്ധതി പുനരാരംഭിച്ചു. ഭൂമി ഏറ്റെടുക്കാൻ കുടുതൽ തുക നൽകാനാകില്ലെന്ന്‌ കേന്ദ്രം നിലപാടെടുത്തു. അങ്ങനെയാണ്‌ രാജ്യചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന്‌ 5,600 കോടി രൂപ സംസ്ഥാനം അനുവദിച്ചത്‌. ഭൂമിയേറ്റെടുക്കലിനെതിരെ കീഴാറ്റൂരിൽ യുഡിഎഫും ബിജെപിയും നടത്തിയ സമരം ആരും മറന്നിട്ടില്ല.

മഹാമാരിയും വെള്ളപ്പൊക്കവും അതിജീവിച്ച്‌

ബൈപ്പാസ്‌ നിർമാണം നിശ്‌ചിത സമയത്ത്‌ പൂർത്തിയാക്കുന്നതിന്‌ തടസ്സമായത്‌ മഹാമാരിയും വെള്ളപ്പൊക്കവും. എരഞ്ഞോളി ചോനാടത്തെ ഓഫീസിലടക്കം പ്രളയകാലത്ത്‌ വെള്ളം കയറി. നിർമാണം പൂർത്തിയായ ഭാഗത്തും നാശമുണ്ടായി. പലയിടത്തും മണ്ണൊലിച്ചുപോയി. കോവിഡ്‌ കാലത്തും പ്രവൃത്തി തടസ്സപ്പെട്ടു. ആയിരത്തിലേറെ തൊഴിലാളികൾവരെ നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ട ദിവസങ്ങളുണ്ട്‌. വിദഗ്‌ധരും അവിദഗ്‌ധരുമായ തൊഴിലാളികളുടെ വർഷങ്ങൾനീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ്‌ ബൈപ്പാസ്‌. നാടിന്റെ പുരോഗതിക്കായി സ്ഥലം വിട്ടുനൽകിയ നൂറുകണക്കിന്‌ കുടുംബങ്ങളുണ്ട്‌. അവരുടെകൂടി സ്വപ്‌ന സാഫല്യമാണിത്‌. എൻഎച്ച്‌എഐ പ്രോജക്ട്‌ ഡയറക്ടറായി നിർമൽ എൻ സാഥേ ജോലി ചെയ്യുന്ന കാലത്താണ്‌ പ്രവൃത്തി തുടങ്ങിയത്‌. അശുതോഷ്‌ സിൻഹയാണ്‌ നിലവിൽ ഡയറക്ടർ. 

Advertisements

നിർമാണം പൂർത്തിയാകുന്നത്‌ 6 വർഷത്തിനുശേഷം
 
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയും ചേർന്ന്‌ 2018 ഒക്ടോബർ 30നാണ്‌ ബൈപ്പാസ്‌ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തത്‌. 2021 സെപ്‌തംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ.  ആറ്‌ വർഷത്തിനുശേഷമാണ്‌ നിർമാണം പൂർത്തിയാകുന്നത്‌. കണ്ണൂർ–- കോഴിക്കോട്‌ ജില്ലയിലും പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുമായി 85.5222 ഹെക്ടർ സ്ഥലം പാതയ്‌ക്കായി ഏറ്റെടുത്തു. എൻഎച്ച്‌എഐയുമായി ചേർന്ന്‌ സംസ്ഥാന പൊതുമരാമത്തുവകുപ്പ്‌ നിരന്തരം ഇടപെട്ടു. മന്ത്രി പി എ മുഹമ്മദ്‌ റിയാസും സ്‌പീക്കർ എ എൻ ഷംസീറും പലവട്ടം സൈറ്റുകളിൽ നേരിട്ടെത്തി. ഇ കെ കെ ഇൻഫ്രാസ്‌ട്രക്‌ച്ചർ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ കരാറെടുത്തത്‌. 

പാലങ്ങളിൽ വമ്പൻ പാലയാട്‌
 
ബൈപ്പാസിലെ പാലങ്ങളിൽ വമ്പൻ പാലയാട്‌–-ബാലത്തിൽ പാലമാണ്‌. 1.170  കിലോമീറ്ററാണ്‌ നീളം. 900 മീറ്ററായിരുന്നു ആദ്യം നിശ്‌ചയിച്ചത്‌. നാട്ടുകാരുടെ അഭ്യർഥന കണക്കിലെടുത്ത്‌ 270 മീറ്റർ വർധിപ്പിച്ചു. നിർമാണത്തിനിടെ പാലത്തിന്റെ ബീമുകൾ തകർന്നത്‌ വലിയ വാർത്തയായിരുന്നു. ഇപ്പോൾ ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുക്കാനെത്തുന്നവർ അന്ന്‌ കുറ്റപ്പെടുത്തിയത്‌ എൽഡിഎഫ്‌ സർക്കാരിനെയാണ്‌. മുഴപ്പിലങ്ങാട്‌–-ചിറക്കുനി (420 മീറ്റർ), ചോനാടം–-കുട്ടിമാക്കൂൽ (180 മീറ്റർ), ഈസ്‌റ്റ്‌പള്ളൂർ–-കവിയൂർ (870 മീറ്റർ) എന്നിവയാണ്‌ ബൈപ്പാസിലെ മറ്റു പാലങ്ങൾ.

ഇറങ്ങാം, കയറാം

ധർമടംപാലമെത്തുംമുമ്പ്‌ മുഴപ്പിലങ്ങാട്‌ യൂത്തിനടുത്തുനിന്ന്‌ ബൈപ്പാസിൽ പ്രവേശിക്കാം. പാലം കഴിഞ്ഞ ഉടൻ ചിറക്കുനിയിൽനിന്ന്‌ സർവീസ്‌ റോഡിലേക്കും കയറാം. ഇവിടെനിന്ന്‌ അടിപ്പാതവഴി പാലയാട്‌, മേലൂർ ഭാഗത്തേക്കു പോകാം.

കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോകുമ്പോൾ ബാലത്തിൽ പാലമെത്തുന്നതിനുമുമ്പ്‌ ബൈപ്പാസിലേക്ക്‌ കയറാം. പാലം കഴിഞ്ഞാൽ വടക്കുമ്പാട്‌, നെട്ടൂർ സർവീസ്‌ റോഡിലേക്കിറങ്ങാം. ഇവിടെനിന്ന്‌ അടിപ്പാതവഴി തലശേരി, അഞ്ചരക്കണ്ടി, ചക്കരക്കല്ല്‌ ഭാഗത്തേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും പോകാം. കണ്ണൂർ ഭാഗത്തേക്ക്‌ വരുമ്പോൾ ബാലത്തിൽ പാലമെത്തുന്നതിനുമുമ്പ്‌ ബൈപ്പാസിലേക്കു കയറാം. പാലം കഴിഞ്ഞ്‌ മേലൂർ അണ്ടലൂർ ഭാഗത്തേക്ക്‌ ഇറങ്ങാം.

Advertisements

എരഞ്ഞോളിപ്പാലമെമെത്തുംമുമ്പ്‌ ചോനാടത്തുനിന്ന്‌ ബൈപ്പാസിലേക്ക്‌ കയറാം. പാലം കഴിഞ്ഞ്‌ കുട്ടിമാക്കൂലിൽ സർവീസ്‌ റോഡിലേക്ക്‌ ഇറങ്ങാം. ഇവിടെനിന്ന്‌ സർവീസ്‌ റോഡ്‌ അടിപ്പാതവഴി തലശേരി, ഇരിട്ടി, കണ്ണൂർ വിമാനത്താവളം, മലബാർ ക്യാൻസർ സെന്റർ, പന്തക്കൽ എന്നിവിടങ്ങളിലേക്ക്‌ പോകാം. പള്ളൂർ കോയ്യോട്ടുതെരു മേൽപ്പാലത്തിനടുത്തുനിന്ന്‌ സർവീസ്‌ റോഡുവഴി ബൈപ്പാസിലേക്ക്‌ കയറുകയും ഇറങ്ങുകയും ചെയ്യാം. മാഹി, പള്ളൂർ ഭാഗത്തേക്കും ഇതുവഴി പോകാം. ഈസ്‌റ്റ്‌ പള്ളൂർ സ്‌പിന്നിങ്‌ മിൽ സിഗ്നൽ ജങ്‌ഷനിൽനിന്ന്‌ ബൈപ്പാസിലേക്ക്‌ കയറുകയും ഇറങ്ങുകയും ചെയ്യാം. ഇതുവഴി മാഹി, ചൊക്ലി ഭാഗത്തേക്ക്‌ പോകാം. മയ്യഴിപ്പുഴയ്‌ക്ക്‌ കുറുകെയുള്ള പാലമെത്തുംമുമ്പ്‌ മങ്ങാട്ടുനിന്ന്‌ ബൈപ്പാസിലേക്ക്‌ കയറുകയും ഇറങ്ങുകയും ചെയ്യാം. സർവീസ്‌ റോഡ്‌ വഴി മാഹി, ചൊക്ലി ഭാഗത്തേക്കും പോകാം. അഴിയൂർ റെയിൽവേ മേൽപ്പാലമെത്തുംമുമ്പ്‌  കക്കടവിൽനിന്ന്‌ ബൈപ്പാസിലേക്ക്‌ കയറുകയും സർവീസ്‌ റോഡുവഴി ഇറങ്ങുകയും ചെയ്യാം.