സർക്കാർ ജനഹൃദയങ്ങളിലാണെന്ന് ഉറപ്പിച്ച് പതിനായിരങ്ങൾ നവകേരള സദസ്സിൽ
കോഴിക്കോട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഹൃദയാഭിവാദ്യംനേർന്ന് കടത്തനാടൻ മണ്ണ് വരവേറ്റു. നാട് കുതിച്ചതിന്റെ അനുഭവസാക്ഷ്യമായി ജനം ഒഴുകിയെത്തി. സർക്കാർ ജനഹൃദയങ്ങളിലാണെന്ന് കൈയൊപ്പുചാർത്തി പതിനായിരങ്ങൾ നവകേരള സദസ്സിനെ അർഥപൂർണമാക്കി.

ഇന്നലെ രാവിലെ വടകരയിൽ പൗരപ്രമുഖരുമായുള്ള സംവാദത്തോടെയായിരുന്നു തുടക്കം. സർക്കാർ വികസനത്തിന്റെ കൈയൊപ്പായി ഉയരുന്ന വടകര ഇൻഡോർ സ്‌റ്റേഡിയത്തിന് തൊട്ടടുത്ത് നാരായണ നഗരം ഗ്രൗണ്ടിലായിരുന്നു പ്രഭാതയോഗം. കർഷക തൊഴിലാളികൾ, അധ്യാപകർ, കായിക താരങ്ങൾ, സഹകാരികൾ, സംരംഭകർ, ജനപ്രതിനിധികൾ, ശാസ്‌ത്ര പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, കർഷകർ, വിദ്യാർഥികൾ, തൊഴിലാളികൾ, കലാ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലുള്ളവർ യോഗത്തിനെത്തി.


പത്മശ്രീ ജേതാവ് മീനാക്ഷി ഗുരുക്കൾ, ഗായകൻ വി ടി മുരളി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി, യുഎൽസിസിഎസ് പ്രസിഡന്റ് രമേശൻ പാലേരി, നർത്തകി ലിസി മുരളീധരൻ, പ്രൊഫ. കെ പാപ്പൂട്ടി, എ കെ പത്മനാഭൻ, എംഎസ്‌എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, ഡോ. വി കെ ജമാൽ, അലങ്കാർ ഭാസ്‌കർ, ഡോ. കേളു, എ കെ ചന്ദ്രൻ, ഡോ. സചിത്, പി പി ബബീഷ്, ഫ്രാൻസിസ് കൈതക്കുളത്ത്, കലിക്കറ്റ് സർവകലാശാല സെനറ്റംഗം പി താജുദ്ദീൻ, അസിൻ ബാനു തുടങ്ങിയവർ സംസാരിച്ചു. സംസാരിക്കാത്തവർ നിർദേശങ്ങൾ എഴുതി അറിയിച്ചു.


നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിലായിരുന്നു ആദ്യ സദസ്സ്. സർക്കാർ ഒപ്പമുണ്ടെന്ന കരളുറപ്പിന് അവർ നേർസാന്നിധ്യത്താൽ ഹൃദയാഭിവാദ്യം നേർന്നു. പരാതി നൽകാനും ജനകീയ മന്ത്രിസഭയെ നേരിൽ കാണാനും ജനം നിറഞ്ഞു. കേരളത്തിന്റെ വികസന മുന്നേറ്റം വിവരിച്ചും നാളെയുടെ സങ്കൽപ്പങ്ങൾ പങ്കിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും അവരിലൊരാളായി.

ഉച്ചക്ക് ശേഷം പേരാമ്പ്രയിലായിരുന്നു സദസ്സ്. നാടിന്റെ മുഖഛായ മാറ്റിയ വികസന വഴികളിലൂടെ സഞ്ചരിച്ച മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യമർപ്പിക്കാൻ പാതയിലുടനീളം ജനം കാത്തുനിന്നു. മാധ്യമ നുണക്കഥയാൽ വാർത്തകളിൽ നിറഞ്ഞ ബസിനെ പകർത്താൻ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ മൊബൈൽ ഫോണുമായി വഴിയരികിൽ നിൽക്കുന്ന കാഴ്‌ച കൗതുകം നിറച്ചു. റോഡുകളും പാലങ്ങളും സ്‌കൂൾ കെട്ടിടങ്ങളും ആശുപത്രികളുമായി നാട് മാറിയ കഥപറഞ്ഞ വഴികൾ നവകേരളത്തിനുള്ള ഹൃദയാഭിവാദ്യമായി. പ്രതിപക്ഷ ബഹിഷ്‌കരണത്തിന്റെ ആഹ്വാനം തള്ളി പേരാമ്പ്രയിലും കുറ്റ്യാടിയിലും വടകരയിലും കക്ഷി–രാഷ്‌ട്രീയ ഭേദമെന്യേ ജനം നിറഞ്ഞു.
