KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂരിൽ അതിഥി തൊഴിലാളിയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ബേപ്പൂർ: അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച്‌ പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ്‌ ചെരക്കോട്ട്‌ സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ്‌ (33) എന്നിവരാണ്‌ പിടിയിലായത്‌. ബേപ്പൂർ ഇൻസ്പെക്ടർ വി. സജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട്‌ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ ഷാഹുൽ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഈയിടെയാണ് ജയിൽ മോചിതനായത്. തുടർന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവർച്ച നടത്തിയത്. ഷാഹുലിനായുള്ള അന്വേഷണത്തിനിടെ  മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ കൊണ്ടോട്ടി പോലീസിൻ്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണസംഘത്തിൽ ബേപ്പൂർ എസ്‌. ഐ. ഷുഹൈബ്‌, എ. എസ്‌. ഐ മാരായ ലാലു, ദീപ്തിലാൽ, സീനിയർ സി. പി. ഒ മാരായ ജിതേഷ്‌, സജേഷ്‌, സി. പി. നിധിൻരാജ്‌, സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, സുമേഷ്‌ ആറോളി, അർജുൻ, എ. കെ. രാജേഷ്‌, ചൈതന്യം എന്നിവർ ഉണ്ടായിരുന്നു.

Advertisements
Share news