കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും നാടുകടത്തിയ വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഖാലിദ് അബ്ബാദി (24) നെ ആണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമം ലംഘിച്ച് കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിനു സമീപം എത്തിയത് അറിഞ്ഞ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നിർദേശ പ്രകാരം സബ്ബ് ഇൻസ്പെക്ടർ ശിവദാസൻ, SCPO റിജേഷ്, CPO ഷിനിൽ KHG സഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ആളുകളുടെ വിലകൂടിയ മുതലുകളും, പണവും മറ്റും കളവ് നടത്തുക, പിടിച്ചുപറി നടത്തുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, മാരക മയക്കുമരുന്നായ MDMA അമിത ആദായത്തിന് വിൽപ്പന നടത്തുന്നതിനും ഉപയോഗത്തിനായും കൈവശം വെക്കുക, പൊതു സ്ഥലത്തുവെച്ച് പരസ്യമായി മദ്യപിച്ചും നിയമം മൂലം നിരോധിച്ച മയക്കുമരുന്നായ കഞ്ചാവ് ഉപയോഗിച്ചും നഗരത്തിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് ബീച്ച് ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വില്പന നടത്തുന്നതുമായും ബന്ധപ്പെട്ട് പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കണ്ണൂർ റെയ്ഞ്ച് ഡി.ഐ. ജി. ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായ പ്രതിയെ 2024 ൽ ആണ് നാടുകടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
