ബൈപ്പാസ് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പൂളാടിക്കുന്ന് ദേശീയപാതയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പൂളാടിക്കുന്ന് ഭാഗത്തുനിന്നും റോഡ് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും ബ്രാക്കറ്റുകളും മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം ഐക്കരപ്പടി സ്വദേശി വലിയകുളങ്ങര വീട്ടിൽ മുഹമ്മദ് ഹാരിസ് (29) നെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. ഏപ്രിൽ 14-ാം തിയ്യതി പുലർച്ചെ പ്രതിയുൾപ്പെടെ മൂന്ന്പേർ ചേർന്ന് പിക്കപ്പ് വാനിൽ സുമാർ എഴുപതിനായിരം രൂപ വിലവരുന്ന ബൈപ്പാസ് നിർമ്മാണ സാമഗ്രികളായ കമ്പിയും മറ്റും മോഷണം നടത്തുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് KMR കൺസ്ട്രക്ഷൻ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, മോഷണ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണ മുതലുകൾ കടത്തികൊണ്ടുപോവാൻ ഉപയോഗിച്ച വാഹനത്തെപ്പറ്റിയും പ്രതികളെപ്പറ്റിയും മനസ്സിലാക്കുകയായിരുന്നു. തുടർന്ന് എലത്തൂർ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കുകയും പ്രതിയെ വീട്ടിൽനിന്ന് എലത്തൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ SI ഹരീഷ് കുമാർ, SCPO രൂപേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മോഷണ മുതലുകളും, മോഷണത്തിന് ഉപയോഗിച്ച പിക്കപ്പ് വാനും ഐക്കരപ്പടിയിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്നും പോലീസ് കണ്ടെടുത്തു. ഈ കേസിലെ കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഉടൻ പിടികൂടുമെന്നും, ഇതിന് മുൻപും ദേശിയപാത നിർമാണ സാമഗ്രികൾ മോഷണം പോയതുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
