KOYILANDY DIARY

The Perfect News Portal

സാമൂഹികമായി മുന്നേറിയ ജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ വ്യത്യസ്ത നിരീക്ഷണവുമായി സുപ്രീം കോടതി

സാമൂഹികമായി മുന്നേറിയ ജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ വ്യത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. സാമൂഹികമായ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ബഞ്ചിലെ ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന ചോദ്യം ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായും ഉന്നയിച്ചു.

എന്നാല്‍ ഇത്തരത്തില്‍ ഉപജാതികളെ ഒഴിവാക്കുന്നതിനുള്ള അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ എതിര്‍ കക്ഷിയായുള്ള അഞ്ചംഗ ബെഞ്ചിലെ കേസ് 2020 ലാണ് ഏഴംഗ ഫുള്‍ ബെഞ്ചിന് വിട്ടത്. ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ തുടങ്ങി.

ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യനായുള്ള ബഞ്ചില്‍ ഇവരെ കൂടാതെ ബേല ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീശ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് ഉള്ളത്. പഞ്ചാബ് സംസ്ഥാനം 1975 മുതല്‍ ഈ ഉപജാതി റിസര്‍വ്വേഷന്‍ നീക്കവുമായി മുന്നോട്ട് പോയിരുന്നു. 2005 ലെ ആന്ധ്ര സര്‍ക്കാരുമായുള്ള കേസില്‍ ഉപജാതി സംവരണം സുപ്രീം കോടതി തള്ളിയതോടെ പഞ്ചാബ് നടപടി നിയമപരമായ പ്രതിസന്ധി നേരിട്ടു. തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാവും എന്നതായിരുന്നു ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് എതിരായ വിധിയിലെ നിരീക്ഷണം.  
 

Advertisements

ഇതേ ആവശ്യം കർണ്ണാടക സർക്കാരും ഉന്നയിച്ചിരുന്നു. ഉപജാതി സംവരണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരം ലഭിക്കാനായി ആർട്ടിക്കിൾ 341 (3) ഭേദഗതി ചെയ്യണം എന്നായിരുന്നു ആവശ്യം. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള (ഒ ബി സി) സംവരണത്തില്‍ വിവിധ ഉപജാതികള്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീക്കം തുടങ്ങിയിരുന്നു. സംവരണ രാഷ്ട്രീയം ലോക് സഭാ തിരഞ്ഞെടുപ്പിന് ചൂട് പകര്‍ന്നതോടെ ഉപജാതി സംവരണം മുന്‍നിര്‍ത്തി നേരിടാനായുന്നു നീക്കം. 

കേന്ദ്ര സര്‍ക്കാര്‍ 2017ൽ നിയമിച്ച ജസ്റ്റിസ് രോഹിണിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇതിനായി ഉപയോഗിച്ചത്. ഇന്ത്യയിലാകമാനം 2666 പിന്നോക്ക ജാതികളാണ് ഒ ബി സി കാറ്റഗറിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്. സാമൂഹ്യപരമായും സാമ്പത്തികപരമായും ഉയര്‍ന്ന് നില്‍ക്കുന്ന ചില പ്രധാന പിന്നോക്ക ജാതികള്‍ക്ക് മാത്രമേ സംവരണത്തിന്റെ ഗുണം കിട്ടുന്നുളളുവെന്ന കണ്ടെത്തലാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ഉപവിഭാഗങ്ങളും, മററു പിന്നോക്ക ജാതി സമൂഹങ്ങളും ഉണ്ട്. ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന സംവരണത്തിനുളളില്‍ തന്നെ പ്രത്യേക സംവരണം നല്‍കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി വെച്ചത്. 2019 ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ബിജെപിക്ക് വലിയ പിന്തുണ നല്‍കിയത് ഉത്തരേന്ത്യയിലെ പിന്നോക്ക സമുദായങ്ങളാണ്. എന്നാല്‍ 2024 ലെ തിരഞ്ഞെടുപ്പിന്‍ പിന്തുണ നല്‍കിയ ഈ വിഭാഗങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഇന്ത്യാ മുന്നണി വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് ഈ ചര്‍ച്ച സജീവമായിരിക്കുന്നത്.