KOYILANDY DIARY

The Perfect News Portal

ഇലക്‌ട്രൽ ബോണ്ട്‌ വിഷയത്തിൽ എസ്‌ബിഐക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഇലക്‌ട്രൽ ബോണ്ട്‌ വിഷയത്തിൽ എസ്‌ബിഐക്കെതിരെ വീണ്ടും വിമർശനവുമായി സുപ്രീം കോടതി. ഇലക്‌ട്രൽ ബോണ്ട്‌ നമ്പറുകൾ അടക്കം മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

വിവരങ്ങൾ കൈമാറുന്നതിൽ തരംതിരിവിന്റെ ആവശ്യമില്ല. എല്ലാവരുടേയും പുറത്തുവിടണം. ഇലക്‌ട്രൽ ബോണ്ട്‌ സംബന്ധിച്ച്‌ എസ്‌ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ്‌ ആവശ്യപ്പെടുന്നത്‌. ചെറിയ വിവരം പോലും ഇതിൽ ഉൾപ്പെടും. ബോണ്ട്‌ നമ്പറുകൾ വെളിപ്പെടുത്തുന്നതിനൊപ്പം ഒരു വിവരവും ഒളിച്ചുവയ്‌ക്കുന്നില്ല എന്ന്‌ ബോധ്യപ്പെടുത്തുന്ന സത്യവാങ്‌മൂലവും എസ്‌ബിഐ സമർപ്പിക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകൾ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പരുകൾ വെളിപ്പെടുത്താമെന്ന് എസ്ബിഐ വ്യക്തമാക്കി.