KOYILANDY DIARY

The Perfect News Portal

മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവു പ്രധാനമാണെന്ന് പഠനം

മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവു പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി. ആഴ്ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന മദ്യത്തിന്റെ അളവു കൂടുതലാണെങ്കിൽ കരളിന്റെ ആരോ​ഗ്യം ആപത്താകുമെന്നാണ് പഠനത്തിൽ പറയുന്നത്.

ആഴ്ചയിൽ ഇടയ്ക്കിടെ മദ്യം കുടിക്കുന്നതിനേക്കാൾ കരളിന് ആപത്താണ് ആഴ്ച്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ​ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആൽക്കഹോൾ മൂലമുള്ള ലിവർ സിറോസിസ് ബാധിക്കുന്നതിൽ ഒറ്റത്തവണ കൂടുതലായി കഴിക്കുന്ന മദ്യത്തിന്റെ അളവിനും വലിയ പ്രാധാന്യമുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. 

യു.കെ.യിൽ നിന്നുള്ള മദ്യപാനശീലമുള്ള 312,599 പേരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. മദ്യത്തിന്റെ അളവിനനുസരിച്ച് കരൾരോ​ഗം വരാനുള്ള സാധ്യതയേക്കുറിച്ചാണ് പഠനത്തിൽ പരാമർശിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.ലിൻഡാ ഫാറ്റ് പറഞ്ഞു. ഒരൊറ്റ ദിവസംകൊണ്ട് അമിതമായി മദ്യപിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ലിവർ സിറോസിസ് വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്ന് ലിൻഡ വ്യക്തമാക്കി.

Advertisements

ആളുകൾ മദ്യംകഴിക്കുന്ന അളവിൽ കരുതൽ വേണമെന്നതാണ് പഠനം വ്യക്തമാക്കുന്നതെന്നും അമിതമായി മദ്യംകഴിക്കുന്നത് ​ഗുരുതരമായ അനന്തരഫലങ്ങൾക്ക് ഇടയാക്കുമെന്നും ബ്രിട്ടീഷ് ലിവർ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവായ പമേല ഹീലി പറഞ്ഞു. കുറഞ്ഞ സമയത്തിൽ കൂടുതൽ മദ്യപിക്കുന്നതും ബോധം നഷ്ടമാകുംവരെ മദ്യപിക്കുന്നതുമൊക്കെ കരളിന്റെ ആരോ​ഗ്യത്തെ ഇല്ലാതാക്കുകയാണെന്നും അവർ പറഞ്ഞു. 

അടുത്തിടെയാണ് ലോകാരോ​ഗ്യസംഘടനയും മദ്യപാനം സംബന്ധിച്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോ​ഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുകയുണ്ടായി.