കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗണ്‍സില്‍ തുടര്‍നടപടി തീരുമാനിച്ചത്.

കോളേജ് കൗണ്‍സിലിൻറെ തീരുമാനപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്.

ക്ലാസെടുക്കുന്നതിനിടെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡണ്ട് സി എ മുഹമ്മദ് ഫാസില്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാര്‍ത്ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ത്ഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

വിഷയം അറിഞ്ഞ ഉടന്‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഡിപ്പാര്‍ട്ട്‌മെൻറ് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു. തുടര്‍ന്നാണ് മുഹമ്മദ് ഫാസിലിനെ സസ്‌പെന്‍ഡ് ചെയ്തത്. വി രാഗേഷ്, എന്‍ ആര്‍ പ്രിയത, എം ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്‌ലം എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. രാഗേഷാണ് ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

