പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്താൻ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് ശതമാനത്തിൽനിന്ന് 11.37 ശതമാനമായി ഉയർത്താനായി. ഇത് 15 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിലും അസി. പബ്ലിക് റിലേഷൻസ് ഓഫീസർമാരെ നിയമിക്കും.

നിലവിൽ പബ്ലിക് റിലേഷൻസ് ഓഫീസർമാരുണ്ട്. ഇതിൽ ഒരാൾ വനിത ആയിരിക്കും. പൊലീസിൽ ജനാധിപത്യമൂല്യം ഉൾക്കൊള്ളുന്ന സേവന സന്നദ്ധരായ മികച്ച പ്രൊഫഷണലുകളെ നിയമിക്കുകയെന്നതാണ് സർക്കാർ നിലപാട്. കുറ്റാന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള പണം തട്ടലും നിക്ഷേപത്തട്ടിപ്പും സെെബർ മേഖലയിൽ വർധിച്ചിട്ടുണ്ട്. ഇത് തടയാൻ ശക്തമായ ഇടപെടൽ നടത്തും.

തട്ടിപ്പിനിരയായി ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ അറിയിച്ചാൽ നഷ്ടമായ പണം തിരിച്ചുപിടിക്കാനാകും. കുട്ടികൾ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ കൗൺസലിങ് അടക്കമുള്ള നടപടി സ്വീകരിക്കും. ക്രിമിനൽ കേസിൽ ഉൾപ്പെട്ട 108 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

നിയമനം പിഎസ്‌സിക്ക് വിട്ട സ്ഥാപനങ്ങൾക്കായി വിശേഷാൽ ചട്ടം രൂപീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുകയും ചട്ടരൂപീകരണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് നിലവിലുള്ള ജീവനക്കാർക്ക് സർവീസ് സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലേ വിശേഷാൽ ചട്ടരൂപീകരണം പൂർത്തിയാക്കൂ. ഇതിനായി കരടുചട്ടം തയ്യാറാക്കി സർവീസ് സംഘടനകളുമായി ചർച്ച നടത്തി നിയമവകുപ്പ് ഉൾപ്പെടെ കൂടിയാലോചനകൾക്ക് ശേഷം സെക്രട്ടറിതല കമ്മിറ്റിയുടെ അംഗീകാരം തേടും.

പിന്നീട് പിഎസ്‌സിയുടെ ഉപദേശവും സ്വീകരിച്ച് സബ്‌ജക്ട് കമ്മിറ്റിയുടെ അനുമതി തേടും. നിയമനച്ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ ഭരണവകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ചട്ടങ്ങൾ തയ്യാറാക്കിയ ശേഷം പിഎസ്‌സി മുഖേന മാത്രമേ നടപ്പാക്കാവൂവെന്ന് നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യമായ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തണം. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
