KOYILANDY DIARY.COM

The Perfect News Portal

കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി ആരംഭിച്ചു. 

കൊയിലാണ്ടി: ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിക്കായുള്ള നടപടി ആരംഭിച്ചു. 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ഭരണാനുമതിയായിരുന്നു. മുമ്പ് കെ ദാസൻ എംഎൽഎ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്.
.
.
അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതോളം വീടുകളാണ് സ്ഥിതിചെയ്യുന്നത്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ ഭരണാനുമതി 11/3/25 ന് ലഭിച്ചിരുന്നു.
.
.
തുടർന്ന് സാങ്കേതിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികളാണ് പുരോഗമിക്കുന്നത്. മേജർ ഇറിഗേഷൻ അസി. എക്സിക്കുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള എഞ്ചിനിയറിംഗ് വിഭാഗമാണ്  സാങ്കേതിക അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികളാരംഭിച്ചത്. ഒരു മാസത്തിനകം സാങ്കേതിക അനുമതി  ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കാനാവുമെന്ന് എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു.
Share news