KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്റ്റാഫ് കൗൺസിൽ

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്റ്റാഫ് കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. നാടാകെ നെഞ്ചോടു ചേർത്ത സ്ഥാപനത്തിൻ്റെ പേരിനെയും ചരിത്രത്തെയും മോശമാക്കാനുള്ള ഒരു ശ്രമത്തെയും വകവെച്ചുകൊടുക്കില്ലെന്നും ജീവനക്കാർ ഒറ്റക്കെട്ടായി പറഞ്ഞു. അക്കാദിമികേതര പ്രവർത്തനങ്ങളിലൂടെ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ മികച്ച കോളേജുകളിൽ ഒന്നാണ്. സമീപ പ്രദേശങ്ങളിൽ ഉള്ള കോളേജുകൾക്ക് ലഭിച്ച ഗ്രേഡിനേക്കാൾ മുകളിലുള്ള ഗ്രേഡ് ആണ് നാക് അക്രെഡിറ്റേഷൻ പ്രക്രിയയിൽ ഈ കോളേജിന് ലഭിച്ചിട്ടുള്ളത്. ഈ കാലയളവിൽ വിവിധ മേഖലകളിൽ കോളേജ് കൈവരിച്ച നേട്ടങ്ങൾ തന്നെയാണ് ഈ മികവിന്റെ അടിസ്ഥാനം. യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും പല തവണ ഈ കോളജ് മുൻപന്തിയിലായിരുന്നു.

എന്നാൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചിലപ്പോഴെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ തോതിലുള്ള സംഘർഷങ്ങൾ മറ്റുപലയിടങ്ങളിലും പോലെ ഈ കോളേജിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും കോളജിന്റെ യശസ്സിന് കളങ്കമായി ഒരിക്കലും മാറിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസ്സിൽ ചുരുക്കം ചില വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷം ഉണ്ടായിട്ടുണ്ടെങ്കിലും ചില സംഘടാ നേതൃത്വങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും പറയുന്നതുപോലെ ഈ കോളേജിലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ലഭിച്ച പരാതിയിന്മേൽ കോളേജ് കൗൺസിൽ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ യുക്തവും നിയമപരവുമായ നടപടികൾ സമയബന്ധിതമായി കൈക്കൊണ്ടിട്ടുണ്ടെന്നും സ്റ്റാഫ്  അംഗങ്ങൾ പറഞ്ഞു.

Advertisements

ഇത്തരമൊരു സാഹചര്യത്തിൽ കോളേജിനെതിരെയും മേലധികാരിയായ പ്രിൻസിപ്പലിനെതിരെയും ജീവനക്കാർക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളെയും കോളേജിന്റെ യശസ്സ് തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളെയും അപലപിക്കുന്നതായി കോളേജിൽ ചേർന്ന മുഴുവൻ സ്റ്റാഫ് അംഗങ്ങളുടെയും യോഗം ശക്തമായി അപലപിച്ചു. പ്രിൻസിപ്പൽ ഡോ. സുജേഷ്.സി.പി, സ്റ്റാഫ്‌ സെക്രട്ടറി ഡോ. സജീവ് എസ്.വി, ചരിത്ര വിഭാഗം മേധാവി എ.എം. അബ്ദുൽ സലാം, കോളേജ് സൂപ്രണ്ട് സി. പി. അരുൾ ദാസ്, സുരേഷ് മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു. അനിഷ്ട സംഭവങ്ങളെ അപലപിച്ചു കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

Advertisements