തട്ടകത്ത് വണങ്ങി പൂര നഗരിയിൽ അണഞ്ഞ് ശ്രീദേവി

കൊയിലാണ്ടി: മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം ചൊല്ലി പിരിയുന്ന ദിനം വരെ അവൾ തൃശ്ശൂരിലെ പൂര പ്രേമികളുടെ പൊന്നോമനയായ സഹ്യപുത്രിയായി മാറും. കഴിഞ്ഞ ഏഴ് വർഷത്തോളമായി പൂരനാളിൽ തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പ് ചടങ്ങിൽ ശ്രീദേവി പ്രൗഢ സാന്നിധ്യമാണ്.

കൊടിയേറ്റ ദിവസം വൈകീട്ട് മഠത്തിൽ നിന്ന് തുടങ്ങി ദേവിയുടെ പടിഞ്ഞാറെ ചിറയിലുള്ള ആറാട്ട് കഴിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് തിരിച്ചെഴുന്നള്ളിയ ശേഷം ഉത്രം വിളക്ക് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ കഴിയുന്നത് വരെ അവൾ പൂരവിളക്കിൻ്റെ പൊൻ ശോഭയായി മാറും. മലബാറിലെ പ്രധാനക്ഷേത്രോത്സവങ്ങളിൽ തിടമ്പേറ്റാനുള്ള സൗഭാഗ്യം ലഭിച്ച സൗമ്യവതിയായ ശ്രീദേവിക്ക് ഒട്ടനവധി ആരാധകരുമുണ്ട്. കൊരയങ്ങാട് കളിപ്പുരയിൽ രവീന്ദ്രനാണ് ശ്രീദേവി ശ്രീലകത്തിൻ്റെ ഉടമ.

