KOYILANDY DIARY

The Perfect News Portal

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം പ്രശാന്തി ഗാർഡനിൽ

ബാലുശേരി: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉള്ള്യേരിയിൽ മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. ശ്മശാനത്തെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുന്നതാണ് പ്രശാന്തി ഗാർഡനെന്ന്‌  മന്ത്രി പറഞ്ഞു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി 3.4 കോടിയും കെ എം സച്ചിൻദേവ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസനഫണ്ട് എന്നിവയിലുൾപ്പെടുത്തി 55 ലക്ഷം രൂപയും ഉള്ള്യേരി പഞ്ചായത്ത് 24 ലക്ഷം രൂപയും ചെലവിട്ടാണ്‌ ശ്‌മശാനം  നിർമിച്ചത്‌. 
സ്‌മൃതി വനങ്ങൾ, പൊതുദർശനത്തിന് വയ്‌ക്കാനുള്ള സൗകര്യം, ഉദ്യാനം എന്നിവ ഇവിടെയുണ്ട്‌.  ഒരേ സമയം രണ്ട് മൃതദേഹം സംസ്കാരിക്കാവുന്ന രണ്ട് പ്രൈമറി ചേമ്പറുകൾ, ടാങ്ക്, 30 മീറ്റർ ഉയരത്തിൽ പുക പുറന്തള്ളാനാവുന്ന ചിമ്മിനി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള പ്രധാന കെട്ടിടം ഫ്ലാറ്റ് സ്ലാബ് രീതിയിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  സൊസൈറ്റി നിർമിച്ചത്. പിരമിഡ് ആകൃതിയാണ്‌. കാരക്കാട്ട് കുന്ന് മലയിൽനിന്ന് പ്രകൃതി മനോഹര കാഴ്ചകൾ കാണാനുമാവും. സ്പേസ് ആർക്കിടെക്ട്‌ വിനോദ് സിറിയക്കാണ് രൂപകൽപ്പന.
  
Advertisements

 
കെ എം സച്ചിൻദേവ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പുരുഷൻ കടലുണ്ടി ഓഫീസ് ഉദ്ഘാടനം ചെയ്‌തു. തദ്ദേശ വകുപ്പ് അസി. ഡയറക്ടർ എം ഗൗതമൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം കുട്ടികൃഷ്ണൻ, ടി പി ദാമോദരൻ, പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട് എൻ എം ബാലരാമൻ, സുരേഷ്ബാബു ആലങ്കോട്, പി ഷാജി, ഷാജു ചെറുകാവിൽ, ഇസ്മയിൽ കുറുമ്പൊയിൽ, എൻ നാരായണൻ കിടാവ്, കെ രാമചന്ദ്രൻ, സാജിദ് കോറോത്ത്, രാജേന്ദ്രൻ കുളങ്ങര എന്നിവർ സംസാരിച്ചു. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത സ്വാഗതവും സെക്രട്ടറി പി. രജനി നന്ദിയും പറഞ്ഞു.