സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5840 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് വില 4835 രൂപയിലെത്തിയിട്ടുണ്ട്. സ്വർണവില ഡിസംബർ 4ന് റെക്കോർഡിലെത്തിയിരുന്നു.

അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5885 രൂപയായിരുന്നു. പവന് 47,080 രൂപയുമായിരുന്നു വില. സ്വർണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്ന് ഡിമാൻഡ് ആന്റ് സപ്ലൈ ആണ്. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ആവശ്യം കൂടുമ്പോൾ വിലയും കൂടും. സ്വർണത്തിന് ആവശ്യക്കാർ വർധിക്കുന്നതോടെയാണ് സ്വർണവില ഉയരുന്നത്. പക്ഷേ സ്വർണത്തിന് ആവശ്യം കൂടാൻ എന്താണ് കാരണം ?

സാധാരണഗതിയിൽ ഫിനാൻഷ്യൽ മാർക്കറ്റിലോ സർക്കാരിലോ വിശ്വാസം നഷ്ടപ്പെടുമ്പോൾ നിക്ഷേപകർ മറ്റ് രംഗങ്ങൾ വിട്ട് സ്വർണത്തിൽ നിക്ഷേപം കൂട്ടും. കാരണം രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തകരാത്തത് ഒന്നേയുള്ളു, അത് സ്വർണമാണ്. കറൻസിയുടെ മൂല്യം കൂടിയും കുറഞ്ഞും വരാം, പക്ഷേ സ്വർണവില കുലുക്കമില്ലാതെ തന്നെ ഏറെ നാൾ നിലനിൽക്കുന്നു, ഒപ്പം പണപ്പെരുപ്പത്തിന് പ്രതിരോധം തീർക്കാനും സ്വർണത്തിന് സാധിക്കും.

