KOYILANDY DIARY.COM

The Perfect News Portal

എംഎൽഎയെ അധിക്ഷേപിച്ച് എസ്ഐയുടെ പരാക്രമം

കണ്ണൂർ: സർക്കാർ നഴ്‌സുമാരുടെ കലക്ടറേറ്റ്‌ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയെ അധിക്ഷേപിച്ച് എസ്ഐയുടെ പരാക്രമം. എം വിജിൻ എംഎൽഎയെയാണ്‌ കണ്ണൂർ ടൗൺ എസ്ഐ പി പി ഷെമീൽ കേസെടുക്കുമെന്നും ഉദ്ഘാടനം തടയുമെന്നും ഭീഷണിപ്പെടുത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെജിഎൻഎ നേതൃത്വത്തിലായിരുന്നു മാർച്ച്‌. 

കലക്ടറേറ്റ്‌ ഗേറ്റിൽ പൊലീസുകാരില്ലാത്തതിനാൽ കെജിഎൻഎ പ്രവർത്തകർ കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക്‌ കടന്നതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എസ്ഐ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. നഴ്‌സുമാരെ ഗേറ്റിന് പുറത്തെത്തിച്ചശേഷം ഉദ്ഘാടനം ചെയ്യാമെന്ന് എംഎൽഎ പറഞ്ഞെങ്കിലും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും കേസെടുക്കുമെന്നും എസ്ഐ ഭീഷണി മുഴക്കി.

 

മാധ്യമ പ്രവർത്തകരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു എസ്‌ഐയുടെ ആക്രോശം. മാർച്ച് കഴിഞ്ഞതിനുശേഷം, കേസെടുക്കുന്നതിന് എംഎൽഎയുടെ പേരുചോദിച്ച് എഴുതിവയ്‌ക്കാൻ വനിതാ പൊലീസിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. തന്നോട്‌ അപമര്യാദയായി പെരുമാറുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്‌ത എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എംഎൽഎ സിറ്റി പൊലീസ് കമീഷണർ അജിത്ത്കുമാറിന് പരാതി നൽകി.

Advertisements

 

ചൊക്ലി സ്‌റ്റേഷനിൽ നിരന്തരം പ്രശ്‌നം സൃഷ്ടിച്ചതിനെ തുടർന്ന്‌ അടുത്തിടെ കണ്ണൂരിലേക്ക്‌ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ്‌ പി പി ഷെമീൽ. മരണവീട്ടിൽ അപമര്യാദയായി പെരുമാറിയതിന്‌ ഷെമീലിനെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു. പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞതടക്കം പരാതികൾ കൂടിയതോടെയാണ്‌ കണ്ണൂരിലേക്ക്‌ മാറ്റിയത്‌. 

Share news