KOYILANDY DIARY.COM

The Perfect News Portal

വാട്സ്ആപ്പിലൂടെ 45,000 രൂപ പോയി; ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്

ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിർദേശം. പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി.

അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ‘അമ്മൂന് പറ്റിയ അബദ്ധം വാട്ട്‌സ്ആപ്പ് സ്‌കാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വീഡിയോയിലുണ്ട്. കഴിഞ്ഞദിവസമാണ്‌ സ്റ്റുഡിയോയിൽവെച്ച്‌ തന്റെ ബന്ധുവായ ചേച്ചിയുടെ സന്ദേശം വാട്‌സാപ്പിൽ വന്നത്‌. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. ബന്ധുവിന്റെ യുപിഐ ഐഡിക്ക്‌ എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടയ്‌ക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നുമാണ്‌ സന്ദേശത്തിലുണ്ടായിരുന്നത്‌.

 

സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയിൽനിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക്‌ യു’ എന്ന് മറുപടിയും ലഭിച്ചു. പിന്നാലെ 30,000 രൂപകൂടി അയക്കാമോ എന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. തന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ചേച്ചിയെ വീഡിയോകോൾ ചെയ്തുവെങ്കിലും കോൾ കട്ട് ചെയ്‌തുവെന്ന്‌ അമൃത പറഞ്ഞു. സാധാരണ കോൾ ചെയ്‌തപ്പോൾ ഫോൺ എടുത്തു. ചേച്ചിയുടെ വാട്സാപ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതേയെന്ന്‌ പറഞ്ഞുവെന്നും അമൃത സുരേഷ്‌ വീഡിയോയിൽ പറയുന്നു.

Advertisements
Share news