KOYILANDY DIARY

The Perfect News Portal

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

ബംഗളൂരു: കർണാടകയിലെ 30-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ കോൺഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്‌തു. എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ജി പരേമശ്വര, കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോര്‍ജ് (കേളചന്ദ്ര ഗ്രൂപ്പ്‌ ഉടമ), എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏല്‍ക്കുന്ന ആദ്യ ഘട്ട കാബിനറ്റ് മന്ത്രിമാര്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എല്ലവരും തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ. ജനറല്‍ സെക്രട്ടറി ഡി രാജ,  തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ. നേതാവുമായ എം കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍, കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്‌വിന്ദര്‍ സിങ് സുഖു, ആര്‍ജെഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.