പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്; 3 പേർ കൂടി അറസ്റ്റിൽ
 
        മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒളിവിൽപ്പോയ മുഖ്യപ്രതി റഫീഖിനായി പാണ്ടിക്കാട് പൊലീസ് അന്വേഷണം തുടരുകയാണ്. വെടിയേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉത്സവത്തിൽ കൊടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘർഷമുണ്ടായത്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘർഷമെന്നാണ് വിവരം. പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിലും പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായിരുന്നു. കൊടമശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന്റെ തുടർച്ചയാണ് വെടിവെപ്പിൽ കലാശിച്ചത്.



 
                        

 
                 
                