കപ്പൽശാലയിലെ വിവരങ്ങൾ കൈമാറിയ കേസ്; പ്രതി ശ്രീനിഷ് പൂക്കോടനെ വീണ്ടും റിമാൻഡ് ചെയ്‌തു
കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിലെ പ്രതി ശ്രീനിഷ് പൂക്കോടനെ വീണ്ടും റിമാൻഡ് ചെയ്‌തു. കപ്പൽശാലയിലെ കരാർജീവനക്കാരനാണ് ശ്രീനിഷ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഫോൺവിളി വിവരങ്ങളടക്കം നിരത്തി ശ്രീനിഷിനെ അന്വേഷകസംഘം വിശദമായി ചോദ്യം ചെയ്‌തിരുന്നു.

ഇയാളുടെ ഫോണിന്റെ സൈബർ സെൽ റിപ്പോർട്ട് ലഭിച്ചാൽ വീണ്ടും കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സൈബർ സെൽ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസിനും നേവി ഇന്റലിജൻസിനും പൊലീസ് കൈമാറും. തുടർന്ന് ആവശ്യമെങ്കിൽ കോടതിയിൽ പ്രത്യേക അപേക്ഷ നൽകി മിലിട്ടറി ഇന്റലിജൻസ് ശ്രീനിഷിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

