KOYILANDY DIARY

The Perfect News Portal

ഷീ ലോഡ്‌ജ്‌ ഉടൻ തുറക്കും

കോഴിക്കോട്‌: നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി താമസിക്കാൻ നിർമിച്ച ഷീ ലോഡ്‌ജ്‌ ഉടൻ തുറക്കും. സാമൂഹ്യക്ഷേമവകുപ്പിനാകും ഹോസ്‌റ്റലിന്റെ നടത്തിപ്പ്‌ ചുമതല. 2020ൽ നിർമാണം പൂർത്തിയാക്കിയ ഹോസ്‌റ്റൽ നടത്തിപ്പ്‌ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാൽ താമസത്തിന്‌ തുറന്നുകൊടുത്തിരുന്നില്ല. ഒടുവിൽ സർക്കാർ വകുപ്പ്‌ ഏറ്റെടുക്കാൻ തയ്യാറായതോടെയാണ്‌ ലോഡ്‌ജ്‌ തുറക്കാനൊരുങ്ങുന്നത്‌. കോർപറേഷനും സാമൂഹ്യക്ഷേമവകുപ്പും തമ്മിലുള്ള കൈമാറ്റ നടപടി പൂർത്തിയായാൽ ഇവിടെ താമസത്തിന്‌ വിട്ടുനൽകും.
 ടൗൺ പൊലീസ്‌ സ്‌റ്റേഷന്‌ സമീപമാണ്‌  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4.7 കോടി രൂപ ചെലവിട്ട്‌ ഷീ ലോഡ്‌ജ്‌ നിർമിച്ചത്‌. 27 സെന്റ്‌ സ്ഥലത്ത്‌ മൂന്ന്‌ നിലകളിലായി 2000 ചതുരശ്ര മീറ്ററിൽ 125 പേർക്ക്‌ താമസിക്കാം. താഴെ നിലയിൽ അടുക്കള, രണ്ട്​ ഡോർമിറ്ററി, ഡൈനിങ്​ഹാൾ, ടോയ്​ലെറ്റ്​ ബ്ലോക്ക്​ എന്നീ സൗകര്യമുണ്ട്​. ഒന്നാംനിലയിൽ ഡോർമിറ്ററി, കിടപ്പുമുറി, സർവീസ്​ മുറി, ലൈബ്രറി‐മെഡിറ്റേഷൻ റൂം എന്നിവയുമുണ്ട്‌. രണ്ടാം നിലയിൽ 15 ബാത്ത്‌ അറ്റാച്ച്​ഡ്​ കിടപ്പുമുറികളാണുള്ളത്‌. മൂന്നാംനിലയിൽ മൂന്ന്​ പ്രത്യേക മുറികളുണ്ട്‌. പാർക്കിങ്‌ സൗകര്യവും ലിഫ്‌റ്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.