KOYILANDY DIARY.COM

The Perfect News Portal

എസ്എഫ്ഐ നേതാവിന്‌ എസ്‌ ഐയുടെ ക്രൂര മർദനം

പേരാമ്പ്ര: എസ്എഫ്ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറി അമൽജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ചു. പേരാമ്പ്ര എസ് ഐ സുജിലേഷാണ്‌ അകാരണമായി ലാത്തികൊണ്ട്‌ തലയ്‌ക്കും കൈക്കും പുറത്തും അടിച്ച്‌ പരിക്കേൽപ്പിച്ചത്‌. വ്യാഴം വൈകിട്ട് 4.30ന് സികെജി ഗവ. കോളേജിലാണ്‌ സംഭവം.
കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് ഏരിയാ പ്രസിഡണ്ട് കെ. കെ. അമലിനൊപ്പം പ്രിൻസിപ്പലുമായി സംസാരിക്കാൻ എത്തിയപ്പോൾ എസ്‌ ഐ തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. എസ്എഫ്ഐ ഏരിയാ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ആക്രോശിച്ചെത്തി അമൽജിത്തിന്റെ ഷർട്ട് വലിച്ചുകീറുകയും ലാത്തികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു.
അമൽജിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പേരാമ്പ്ര സി ഐക്ക് പരാതിയും നൽകി. എസ് ഐ സുജിലേഷ് പേരാമ്പ്രയിൽ ചാർജെടുത്തത് മുതൽ സിപിഐ (എം), ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരെ വേട്ടയാടുകയാണ്‌. ഫെബ്രുവരിയിൽ ചേനോളിയിൽ യൂത്ത് കോൺഗ്രസുകാർക്കൊപ്പം ചേർന്ന് സിപിഐ എമ്മിന്റെ കൊടികളും തോരണങ്ങളും പിഴുതെടുത്ത് പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത്‌ ഏറെ വിവാദമായിരുന്നു.
തീവയ്പ്‌, ബോംബേറ്, മോഷണം, ലഹരിമരുന്ന് വിൽപ്പന എന്നിവയിൽ നടപടി സ്വീകരിക്കാതെ സിപിഐ എമ്മിനെ വേട്ടയാടാനാണ്‌ താൽപ്പര്യം. അകാരണമായി എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ തല്ലിച്ചതച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. എസ്എഫ്ഐ
ഏരിയാ കമ്മിറ്റി പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് ആക്രമണത്തിൽ എസ്ഐക്കെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഉന്നത പൊലീസ് അധികൃതർ എന്നിവർക്ക് പരാതിനൽകുമെന്ന്‌ സംഘടനാ ഭാരവാഹികൾ പറഞ്ഞു. 

 

Share news