കോവളത്ത് സമുദ്രത്തിനടിയിൽ “മാലിന്യക്കടൽ’

തിരുവനന്തപുരം: കോവളത്ത് കടലിൽ കപ്പലിൽനിന്നടക്കം ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ 3 ദിവസമായി ഫ്രണ്ട്സ് ഓഫ് മറെയ്ൻ ലൈഫിന്റെ (എഫ്എംഎൽ) നേതൃത്വത്തിൽ സ്കൂബ കൊച്ചിൻ, എഡിഎച്ച്ഡബ്ല്യുഎഎൻഎ, എസ്ഐഎഫ്എഫ്എസ് എന്നീ സമുദ്ര പരിസ്ഥിതി സംരക്ഷണ സംഘടനകൾ ചേർന്ന് നടത്തിയ ആഴക്കടൽ സർവേയിലാണ് ചെറിയ നൈലോൺ വലകൾ മുതൽ 14 ഇഞ്ച് വലിപ്പമുള്ളതും കപ്പലുകളിൽ ഉപയോഗിക്കുന്നതടക്കമുള്ള കയറുകളും അടിഞ്ഞുകിടക്കുന്നത് കണ്ടെത്തിയത്.

വർഷങ്ങളായി ഇവ സമുദ്ര ജൈവവൈവിധ്യത്തിന് വലിയ നാശം ഉണ്ടാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. 5 വർഷംമുമ്പ് മേഖലയിൽ കണ്ടെത്തിയിട്ടുള്ള 12 ഇനം പവിഴപ്പുറ്റുകളിൽ എട്ടിനങ്ങൾ നശിച്ചുപോയെന്നും സർവേ കണ്ടെത്തി. സംരക്ഷിത പട്ടികയിൽ പെടുന്ന സമുദ്രജീവികളായ കടൽ വെള്ളരി, കടൽ ചേന എന്നിവയുടെ എണ്ണം കുറഞ്ഞു. മാലിന്യങ്ങൾ നീക്കുന്ന കാര്യത്തിൽ മേഖലയിലെ വിദഗ്ധരുടെ യോഗം വിളിച്ച് സർക്കാർ നടപടിയെടുക്കണമെന്ന് ഫ്രണ്ട്സ് ഓഫ് മറെയ്ൻ ലൈഫ് ചീഫ് കോ ഓർഡിനേറ്റർ റോബർട്ട് പനിപിള്ള ആവശ്യപ്പെട്ടു.

