സ്‌കൂൾ പഠനം തന്റെ കഴിവുകൾ ‘നഷ്ടപ്പെടുത്തുന്നു’; പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ചു; ഇപ്പോൾ ചാറ്റ് ജിപിടി വിദഗ്ധ

പതിമൂന്നാം വയസിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എ ഐ ഓട്ടോമേഷൻ ഏജൻസി ഉടമസ്ഥയായ 14 വയസ്സുകാരി പരിണീതി. ജസ്റ്റ് കിഡ്ഡിംഗ് വിത്ത് സിഡ്! എന്ന പരിപാടിയിലായിരുന്നു പതിനാലുകാരിയുടെ വെളിപ്പെടുത്തൽ. “സ്കൂൾ എന്റെ കഴിവുകൾ പാഴാക്കുന്നതായിരുന്നു” എന്നാണ് അവൾ പരിപാടിയിൽ പറഞ്ഞത്. സ്കൂൾ ഉപേക്ഷിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI), പ്രത്യേകിച്ച് ChatGPT-യിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് അവൾ വിശദീകരിക്കുകയുണ്ടായി.

ഈ കൊച്ചുമിടുക്കിയുടെ തീരുമാനത്തിൽ ഓൺലൈനിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. താൻ ആഗ്രഹിക്കുന്ന കഴിവുകൾ സ്കൂൾ തന്നെ പഠിപ്പിക്കുന്നില്ലെന്ന് പരിണീതിക്ക് തോന്നി. “എഐ ഓട്ടോമേഷനിൽ ഞാൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. എഐ ഒരു ഉറ്റ സുഹൃത്തിനെപ്പോലെയാണ്, നിങ്ങൾക്ക് അതിനോട് സഹായം ചോദിക്കാം, അത് പരാതിപ്പെടില്ല. അത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഗൃഹപാഠം പോലും ചെയ്യാൻ കഴിയും,” പോഡ്‌കാസ്റ്റിനിടെ അവൾ പറഞ്ഞു. എന്നാൽ അധ്യാപകർ പലപ്പോഴും വിദ്യാർത്ഥികൾ അവരുടെ ജോലി സ്വയം ചെയ്യണമെന്ന് നിർബന്ധിച്ച് എഐ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താറുണ്ടെന്നും അവർ പറഞ്ഞു. “എഐ ഭാവിയാണെങ്കിൽ, നമുക്ക് എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ?” അവൾ ചോദിച്ചു.

ഒരു വർഷം മുൻപാണ് അവളുടെ അച്ഛൻ അവളോട് ദിവസവും രണ്ട് മണിക്കൂർ ചാറ്റ് ജിപിടിയുമായി ഇടപഴകാൻ പറഞ്ഞപ്പോഴാണ് അവൾ ആദ്യമായി ചാറ്റ് ജിപിടിയെക്കുറിച്ച് കേൾക്കുന്നത്. “ആ രണ്ട് മണിക്കൂർ പെട്ടെന്ന് നാലായി മാറി. ഞാൻ ഏതെങ്കിലും ക്രമരഹിതമായ വിഷയം തിരഞ്ഞെടുത്ത് ചാറ്റ്ജിപിടിയിൽ ഗവേഷണം നടത്തുമായിരുന്നു. ഞാൻ പഠിച്ച കാര്യങ്ങൾ ഞാൻ അതിനോട് പറയുമായിരുന്നു,” പരിണീതി പങ്കുവെച്ചു.

